കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച അരക്കോടി രൂപ വിലവരുന്ന 1265 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശി സുരേഷില്‍ നിന്ന് 655 ഗ്രാം സ്വര്‍ണമിശ്രിതവും അബുദാബിയില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ആറ് ഇ 1733 വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശി പരുത്തിക്കുന്നന്‍ സെമീറില്‍ നിന്ന് 610 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് പിടികൂടിയത്. വിപണിയില്‍ ഇതിന് 48 ലക്ഷം രൂപ വില വരും.
മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ്. ദേവിന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ സി. സുരേഷ് ബാബു, കെ.കെ. പ്രവീണ്‍ കുമാര്‍, കെ. പ്രേംജിത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ. മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, ഹെഡ് ഹവല്‍ദാര്‍ ഇ.വി. മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം കണ്ടെടുത്തത്.
















