മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണിയുടേയും മകള്‍ സിവയുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മഞ്ഞില്‍ കുളിച്ച് രണ്ടുപേരും മഞ്ഞുമനുഷ്യനെ നിര്‍മിക്കുന്ന തിരക്കിലാണ്. ശനിയാഴ്ച ധോണിയുടെ ഭാര്യ സാക്ഷിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. തുടര്‍ന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് ധോണി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു. ഇതോടെ സംഭവം വൈറലായി.
ഈ വര്‍ഷാദ്യം തന്നെ കഴിഞ്ഞ ദശാബ്ദത്തില്‍ ക്രിക്കറ്റില്‍ ധോണി ഇന്ത്യക്കു സമ്മാനിച്ചത് വലിയ നേട്ടങ്ങളാണെന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അടക്കിവാണ കളം ഇപ്രാവശ്യം ഇന്ത്യന്‍ ക്രിക്കറ്റിന്റേതായി മാറി. ദശാബ്ദത്തിന്റെ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ്. ക്രിക്കറ്റിന്റെ ചെറുരൂപത്തില്‍ ദശാബ്ദത്തിന്റെ നായകന്‍ ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിതന്നെയാണ്. എന്നാല്‍ ക്ലാസിക് രൂപത്തില്‍ വിരാട് കോലിയാണ് ദശാബ്ദത്തിന്റെ നായകന്‍. താരങ്ങളെയും ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ചപ്പോള്‍ ധോണിക്ക് ടെസ്റ്റില്‍ സ്ഥാനമില്ല. ഏകദിനത്തിലും ട്വന്റി 20യിലും ധോണി നായകനായി. വിരാട് കോഹ്‌ലി ടെസ്റ്റിന്റെ നായകനും ട്വന്റി 20യില്‍ ടീം അംഗവുമായി. എന്നാല്‍ ഏകദിനത്തില്‍ കോഹ്‌ലിക്കു സ്ഥാനമില്ല.
















