കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി തള്ളി. ദിലീപിന്റെ വിടുതല്‍ ഹര്‍ജിക്കൊപ്പം പത്താം പ്രതി വിഷ്ണുവിന്റെ ഹര്‍ജിയും തള്ളി. ദീലീപ് നിരപരാധി അല്ലെന്നും ഗൂഡാലോചന നടത്തിയതിനും പ്രതികള്‍ക്കും പണം നല്‍കിയതിനു തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്നു കരുതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ കേസില്‍ ദീലീപ് വിചാരണ നേരിടണം. ക്വട്ടേഷന്‍ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.
പ്രത്യേക അനുമതിയോടെ അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി. ഹര്‍ജിയില്‍ ഡിസംബര്‍ 31നാണ് കോടതി വാദം കേട്ടത്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം കേട്ടത്.
തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന സംശയം ദിലീപ് ഉന്നയിച്ചിരുന്നു. അതിനാല്‍ ദൃശൃങ്ങളുടെ സ്വീകാര്യത സംശയാസ്പദമാണെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്നും ദിലീപ് ആരോപിച്ചു. 10 പ്രതികളില്‍ ആറുപേരും അവരുടെ അഭിഭാഷകരുമാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്.
കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയായിരുന്നു ദിലീപ് വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹര്‍ജി തള്ളിയാല്‍ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ അവസരമുണ്ട്. കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ദിലീപ് നല്‍കിയ ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്തു പോകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
















