ബാഗ്ദാദ്: ഇറാന് നേരെ വീണ്ടും യുഎസ് വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ളവര്‍ കഴിഞ്ഞദിവസം യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു അതിനു പിന്നാലെയാണ് ഇത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ഇറാന്‍ പിന്തുണയുള്ള ഇറാഖ് പാരാമിലിട്ടറി വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം നടത്തിയത്. രണ്ട് കാറുകള്‍ പൂര്‍ണമായി തകര്‍ന്നു. നാല് അംഗങ്ങള്‍ക്ക് പരിക്കേറ്റു.
സേനയിലെ മുതിര്‍ന്ന കമാന്‍ഡറെ ലക്ഷ്യമിട്ടാണ് അമേരിക്ക സേന ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാഹനവ്യൂഹത്തില്‍ മുതിര്‍ന്ന കമാന്‍ഡര്‍ ഇല്ലായിരുന്നുവെന്ന് സേനാ വൃത്തങ്ങള്‍ പ്രതികരിച്ചു.
വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി അടക്കമുള്ള ഏഴുപേരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ല.
ഇറാനിയന്‍ അക്രമ പദ്ധതികള്‍ തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാഗ്ദാദിലെ വ്യോമാക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായിരുന്നു നടപടിയെന്നും പകരം യുദ്ധം ആരംഭിക്കുന്നതിനല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റ് മേഖലയിലേയ്‌ക്ക് കൂടുതല്‍ സൈന്യത്തെ നിയോഗിച്ചതായും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്‌ട്ര ഭീകരവാദമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചിരുന്നു.
















