കോട്ടയം: രാഷ്ട്രപതി ഒപ്പുവച്ച് നിയമമായിക്കഴിഞ്ഞ പൗരത്വ നിയമം സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളാണ് ശരിയെന്ന് ജസ്റ്റിസ് കെ.ടി. തോമസ് . പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രമുഖരെ നേരില്‍ക്കണ്ട് വിശദീകരിക്കുന്നതിനായി ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്കത്തിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുടെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വപ്രശ്നം കേന്ദ്രസര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാണ്. സംസ്ഥാനത്തിന്റെ അധികാര പരിധിയിലില്ലാത്ത പ്രശ്നത്തിനാണ് നിയമസഭ പ്രമേയം പാസാക്കിയത്. ഈ പ്രമേയത്തിന് യാതൊരു നിയമസാധുതയുമില്ല. മുമ്പ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിവിധിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതും ജസ്റ്റിസ് തോമസ് ചൂണ്ടിക്കാട്ടി. നിയമത്തോട് വിയോജിക്കാന്‍ അവകാശമുണ്ട് അതില്‍ കവിഞ്ഞ് ഈ പ്രമേയത്തിന് യാതൊരു വിലയുമില്ല.
2003 ല്‍ മന്‍മോഹന്‍സിങ് പൗരത്വ ബില്ലിനു വേണ്ടി വാദിച്ചിരുന്നു. സിപിഎം നേതാവ് പ്രകാശ് കാരാട്ട് പൗരത്വ ബില്ല് നടപ്പാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പാസാക്കിയ നിയമം ഭരണഘടനയിലെ 14-ാം വകുപ്പിന്റെ ലംഘനമല്ല. മാത്രമല്ല അഹമ്മദീയ വിഭാഗത്തെയും ഷിയാ വിഭാഗത്തെയും ഒരു പ്രത്യേക മതമായി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സി.എന്‍. സുബാഷ്, നന്ദന് നട്ടാശ്ശേരി, ഇന്ദിരാ കുമാരി എന്നിവരും ബിജെപി സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: