ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ കലാപംനടത്തിയവര്ക്കായി മുന്‍ എംഎല്‍എ ബി.എ. മൊയ്ദീന് ബാവയുടെ നേതൃത്വത്തില്‍ പിരിച്ചെടുത്തത് രണ്ട് കോടിയിലധികം രൂപ. രണ്ട് കോടിയിലധികം ലഭിച്ചതായി പിരിവിന് നേതൃത്വം നല്കിയവര് സമ്മതിച്ചെങ്കിലും പണം നല്‍കിയവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. 25 ലക്ഷം രൂപ വീതം പോലീസ് വെടിവയ്പ്പില്‍ മരിച്ച രണ്ടുപേരുടെ കുടുംബങ്ങള്‍ക്കു നല്‍കുമെന്നും ബാക്കി തുക പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സഹായിക്കാനും കേസുകളുടെ നടത്തിപ്പിനുമാണെന്നാണ് ഇവര്‍ പറയുന്നത്.
മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പക്കെതിരെ വികാരം ആളിക്കത്തിച്ചായിരുന്നു പിരിവ്. പോലീസ് വെടിവയ്പ്പില്‍ മരിച്ച രണ്ടു പേരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മരിച്ച രണ്ടുപേരും പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ പങ്കെടുത്തവരാണെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.
ഇതോടൊപ്പം പോലീസ് സ്റ്റേഷന് ആക്രമണത്തിന്റെ ഉള്‍പ്പെടെ കലാപകാരികളുടെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ ഉടന്‍ ധനസഹായം നല്‍കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമെ ധനസഹായം നല്കുന്നതില് തീരുമാനം എടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ മറപിടിച്ചായിരുന്നു ചിലര്‍ പിരിവ് ആരംഭിച്ചത്.
കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇത്രയധികം രൂപ ലഭിച്ചതിന്റെ ഉറവിടത്തെ കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. നിയമത്തിന്റെ പേരില്‍ രാജ്യത്ത് കലാപം ആളിക്കത്തിക്കാന്‍ വിദേശത്തു നിന്ന് പണം എത്തുന്നതായി നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ ഭീകരവാദ മുസ്ലിം സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ് മംഗളൂരു. ഇത്രയധികം പണം വേഗത്തില്‍ ലഭിച്ചതിനു പിന്നില്‍ വിദേശ സഹായം ഉണ്ടായിരിക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
അതിനാല്‍ പിരിവിന് നേതൃത്വം നല്‍കിയവരുടെ ബാങ്ക് അക്കൗണ്ടുകള്‍, മറ്റ് സാമ്പത്തിക ഇടപാടുകള്‍ എന്നിവ പരിശോധിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എന്നീ കേന്ദ്ര ഏജന്‍സികളും കലാപത്തിന്റെ പേരില്‍ ലഭിച്ച സാമ്പത്തിക ഉറവിടത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: