കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഭാത്പാറ മുനിസിപ്പാലിറ്റിയില്‍ തൃണമൂല്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയവും മേല്‍നടപടികളും കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. അവിശ്വാസപ്രമേയം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇതോടെ ബിജെപി ഭരണം തിരിച്ചുപിടിച്ചു.
ബിജെപിയുടെ ഭരണത്തിലിരുന്ന ഭാത്പാറ മുനിസിപ്പാലിറ്റിയിലെ ചെയര്മാന് സൗരവ് സിങ്ങിനെതിരെയാണ് തൃണമൂലുകാര്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഇത് അപ്രസക്തവും നിയമവിരുദ്ധവുമാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരിന്ദം സിന്‍ഹ വ്യക്തമാക്കി.
കോടതി നീതി പുലര്‍ത്തി. തൃണമൂലുകാര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. ഭാത്പാറയിലെ ജനങ്ങള്‍ ഒപ്പമുണ്ടെന്നും പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപി എംപി അര്ജുന് സിങ് പ്രതികരിച്ചു.അവിശ്വാസപ്രമേയം അവതരിപ്പിക്കാനായി ജനുവരി ഇരുപതിന് യോഗം ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, അത്രയും ദിവസം കാത്തരിക്കാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി ജനുവരി രണ്ടിന് തൃണമൂലുകാര്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഒരു മുന്നറിയിപ്പും നല്‍കിയരുന്നില്ല. നിയമവിരുദ്ധമായാണ് പ്രമേയം അവതരിപ്പിച്ചതെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഡിസംബര്‍ 30ന് നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് തൃണമൂലുകാരുടെ വാദം.
മുപ്പത്തഞ്ചംഗ മുനിസിപ്പാലിറ്റിയില്‍ 19 തൃണമൂലുകാരും 12 ബിജെപി കൗണ്സിലര്മാരുമാണുണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 19 തൃണമൂലുകാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അംഗബലം 26 ആവുകയും ബിജെപി ഭരണത്തിലെത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് സൗരവ് സിങ് മുനിസിപ്പാലിറ്റി ചെയര്‍മാനായത്. പിന്നീട് തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിയവരില്‍ 12 പേര് വീണ്ടും തൃണമൂലില്‍ ചേര്‍ന്നതോടെ അവിശ്വാസ പ്രമേയവുമായി അവര്‍ രംഗത്തെത്തി. മുനിസിപ്പാലിറ്റിയില്‍ അംഗബലം തൃണമൂലിനെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: