കോട്ടയം: സര്‍വകലാശാല നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വൈസ് ചാന്‍സലര്‍മാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തീരുമാനങ്ങളെടുക്കുന്നത് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അറിഞ്ഞുവേണം. സര്‍വകലാശാലകള്‍ക്ക് സ്വയം ഭരണാധികാരമുണ്ട്. പക്ഷെ ചാന്‍സലറുടെ അധികാരം വേണ്ടി വന്നാല്‍ ഉപയോഗിക്കും. ആര് സമ്മര്‍ദ്ദം ചെലുത്തിയാലും വൈസ് ചാന്‍സലര്‍മാര്‍ നിയമം വിട്ട് പ്രവര്‍ത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഹാളില്‍ വിസി, സര്‍വകലാശാല ഉദ്യോഗസ്ഥര്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെട്ട എംജി സര്‍വകലാശാലയിലെ വിവാദമായ മാര്‍ക്ക് ദാനത്തിന്റെയും വൈസ് ചാന്‍സലറുടെ അറിവോടെ സിന്‍ഡിക്കേറ്റ് അംഗം എംകോം ഉത്തരക്കടലാസുകള്‍ കൈപ്പറ്റിയ സംഭവത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം. മാര്‍ക്ക് ദാനം സര്‍വകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് വൈസ് ചാന്‍സലറെ ഇരുത്തിക്കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ആ തെറ്റ് തിരുത്തിയതില്‍ സന്തോഷമുണ്ട്. ഇത്തരം പിഴവുകള്‍ ഇനി ആവര്‍ത്തിക്കരുത്. അദാലത്ത് നടപടികള്‍ നിയമവിരുദ്ധമായിരുന്നു.
സ്വയം ഭരണാധികാര സ്ഥാപനങ്ങളായ സര്‍വകലാശാലകളിലെ വിസിമാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം. വിസിമാര്‍ക്ക് മേല്‍ അമിതസമ്മര്‍ദ്ദം ചെലുത്തി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇത് തടയാന്‍ വിസിമാര്‍ നടപടി എടുക്കണം. ഇല്ലെങ്കില്‍ സര്‍വകലാശാലയുടെ പരമാധികാരം സംരക്ഷിക്കാന്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഏതറ്റം വരെയും പോകും. തീരുമാനങ്ങളെടുക്കാന്‍ ആകുന്നില്ലെങ്കില്‍ തന്നെ അറിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. കോളേജിലെ വിദ്യാര്‍ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകളെ പോലെ പ്രവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: