കേന്ദ്ര സര്‍ക്കാര്‍ ഏത് കാര്യത്തിലാണ് കേരളത്തോട് ഭ്രാന്തന് നിലപാട്സ്വീകരിച്ചിട്ടുള്ളത്?
കേരളത്തില്‍ നിന്ന് ഒരാളെ പോലും ലോക്സഭയിലേക്ക് ജയിപ്പിക്കാതിരുന്നിട്ടും കേരളത്തിന്റെ പ്രതിനിധികളെ രാജ്യസഭയിലെത്തിച്ചു. ജാതിയും മതവും നോക്കാതെ കേന്ദ്രത്തില്‍ മന്ത്രിയാക്കിയതുമാണ് നരേന്ദ്രമോദിയുടെ ചരിത്രം കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ പരിണിത പ്രജ്ഞനാണ് എ.കെ.ബാലന് എന്നാണ് കരുതിയത്. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഭേദപ്പെട്ട പ്രവര്‍ത്തനം അദ്ദേഹം നടത്തിയിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തന മണ്ഡലം കേരളമായപ്പോള്‍ എന്തൊക്കെയോ പന്തികേട്. അതങ്ങിനെയാണല്ലോ. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. എന്നാല്‍ ചാണകം ചാരിയാലോ? അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ കേരളം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ച പ്ലോട്ടിന് അനുമതി കിട്ടിയില്ലത്രേ. അത് പരിശോധിക്കുന്നത് പ്രധാനമന്ത്രിയല്ല. അനുമതി നല്‍കേണ്ടത് ആഭ്യന്തരമന്ത്രിയോ ബിജെപിയോ അല്ല. അത് മന്ത്രി ബാലനും അറിയാം. എന്നിട്ടും എന്തേ കേന്ദ്ര സര്‍ക്കാരിനെതിരെ കുതിര കയറുന്നത്. വ്യക്തം. രാഷ്ട്രീയ വിദ്വേഷം. പക അസഹിഷ്ണുത.
കേരളമെന്ന് കേള്‍ക്കുമ്പോള്‍ കേന്ദ്രത്തിന് ഭ്രാന്തെന്നാണ് മന്ത്രി ആക്ഷേപിച്ചത്. പ്ലോട്ടിന് അനുമതി നിഷേധിച്ചത് പാടിപ്പഴകിയ പ്ലോട്ട് നിര്‍ദ്ദേശിച്ചതുകൊണ്ടാണ്. കഥകളിമാത്രമാണോ കേരളത്തിന്റെ കല, മോഹിനിയാട്ടം മാത്രമാണോ നൃത്തരൂപം. അതൊക്കെ പലതവണ കണ്ടതും കാണിച്ചതുമല്ലേ? ശ്രീനാരായണഗുരുവിനെയും അദ്ദേഹത്തിന്റെ ചിന്തകളേയും അവതരിപ്പിക്കാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല. ഗുരുദേവനും ഗാന്ധിജിയും ടാഗോറും ഒരുമിച്ചിരിക്കുന്ന ടാബ്ലോയും ദൈവദശകത്തിന്റെ വരികള്‍ ആലപിക്കുകയും ചെയ്തിരുന്നെങ്കില്‍ ആര്‍ക്കെങ്കിലും പറ്റില്ലെന്ന് പറയാന്‍ കഴിയുമായിരുന്നോ? ആ വഴിക്കെന്തേ ചിന്തിക്കാന്‍ തോന്നാത്തത്. ബാലന്റെ മനസ്സിലെങ്കിലും നവോത്ഥാനം വിളയാടേണ്ടതല്ലേ. ശ്രീനാരായണന്റെ ചിന്തകള്‍ക്ക്
പിന്തിരിപ്പന് സ്വഭാവമെന്ന ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിന്റെ വിലയിരുത്തലാണോഎ.കെ.ബാലനും?
കേന്ദ്ര സര്‍ക്കാര്‍ ഏത് കാര്യത്തിലാണ് കേരളത്തോട് ഭ്രാന്തന് നിലപാട് സ്വീകരിച്ചിട്ടുള്ളത്? കേരളത്തില്‍ നിന്ന് ഒരാളെ പോലും ലോക്സഭയിലേക്ക് ജയിപ്പിക്കാതിരുന്നിട്ടും കേരളത്തിന്റെ പ്രതിനിധികളെ രാജ്യസഭയിലെത്തിച്ചു. ജാതിയും മതവും നോക്കാതെ കേന്ദ്രത്തില്‍ മന്ത്രിയാക്കിയതുമാണ് നരേന്ദ്രമോദിയുടെ ചരിത്രം. ഒരു ദളിതനെ രാഷ്ട്രപതിയാക്കിയ ബിജെപി എപിജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കുന്നതിലും മുഖ്യപങ്കുവഹിച്ചതാണ്. ഒരു മുസല്‍മാനാണ് ഇപ്പോള്‍ കേരളത്തിന്റെ ഗവര്‍ണര്‍. അത് നിശ്ചയിച്ചത് നരേന്ദ്രമോദി സര്‍ക്കാരല്ലേ. നേരത്തെ സിക്കന്തര്‍ ഭക്തിനെ കേരള ഗവര്‍ണറാക്കിയത് ബിജെപി സര്‍ക്കാരാണ്. മുസല്‍മാനായതുകൊണ്ടല്ലാതെ മറ്റെന്തു കാരണത്താലാണ് ഇപ്പോള്‍ ഇടതുസര്‍ക്കാറും പ്രതിപക്ഷവും ആരീഫ് മുഹമ്മദ് ഖാനെ വേട്ടയാടുന്നത്?
പാര്‍ലമെന്റിന്റെ ഇരുസഭകളും ചര്‍ച്ച ചെയ്ത് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ചാല്‍ ആ നിയമം ഭരണഘടനയുടെ ഭാഗമാണ്. ഭരണഘടനയുടെ ഭാഗമായ പൗരത്വനിയമത്തെ ഗവര്‍ണര്‍ എതിര്‍ക്കണോ? നിയമവും നീതിയും ഭരണഘടനയും നിയമസഭകളുടെ അധികാരവും അവകാശവുമെല്ലാം അറിയുന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ എന്ന നിലയ്ക്ക് മാത്രമല്ല, വ്യക്തി എന്ന നിലയ്ക്കും അദ്ദേഹത്തിന് അഭിപ്രായമുണ്ടാകാം. അത് അനുവദിക്കാതെ ഇരുപക്ഷനേതാക്കളും അസഭ്യവര്‍ഷം ചൊരിയുന്നതാണ് ഭ്രാന്ത്. ആ ഭ്രാന്തിന് ചികിത്സ നല്കാന് ജനങ്ങള്‍ തയ്യാറാവുകയാണ്. പൗരത്വ രജിസ്റ്ററും നിയമവുമൊന്നും വേണ്ടെന്ന് ഏതെങ്കിലും രാജ്യസ്നേഹിക്കുപറയാന്‍ കഴിയുമോ? പൗരത്വ രജിസ്റ്റര്‍ തുടങ്ങിയത് ചിദംബരം ആഭ്യന്തരമന്ത്രിയായപ്പോഴാണ്. പ്രതിഭാ പാട്ടീല്‍ എന്ന രാഷ്ട്രപതിയാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. അത് മറച്ചുവച്ചുകൊണ്ട് നടത്തുന്ന ഭ്രാന്താണ് ഇരുപക്ഷവും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പൗരത്വ നിയമത്തെ ഗവര്‍ണര്‍ ന്യായീകരിക്കുന്നത് ഇരുപക്ഷത്തിനും സഹിക്കുന്നില്ല.
മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുന്നതും, ‘ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയില്‍ പ്രമേയം പാസാക്കിയത്. അതിന് കടലാസിന്റെ വിലപോലുമില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കേരള സര്‍ക്കാരും പ്രതിപക്ഷവും പെരുംനുണയുടെ മൊത്തക്കച്ചവടം നടത്തുമ്പോള്‍ നേര് പറയുന്നയാളെ എങ്ങനെ സഹിക്കും!
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുമ്പോള്‍ മതരാഷ്ട്ര സമീപനമാണ് അതില്‍ ഉള്‍ക്കൊള്ളുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. ‘ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനു വിരുദ്ധമായതിനാല്‍ ഈ നിയമം ‘ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രമേയത്തില്‍ പറയുന്നു. മതാടിസ്ഥാനത്തിലാണ് രജിസ്റ്റര്‍ എന്ന് എവിടെ നിന്ന് ലഭിച്ച വിവരമാണ്.
നാനാത്വത്തില്‍ ഏകത്വമെന്ന മൂല്യം നഷ്ടപ്പെട്ടാല്‍ രാഷ്ട്രം ശിഥിലമാകും. അത് ഒഴിവാക്കപ്പെടണമെങ്കില്‍ ഇത്തരം മൂല്യങ്ങളെ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങളും പരിരക്ഷകളും ഉണ്ടാകണം. അതിനാലാണ് പുതിയ പൗരത്വ ഭേദഗതി പിന്‍വലിക്കണം എന്ന ആവശ്യം രാജ്യത്തിന്റെ പാരമ്പര്യത്തേയും അതിന്റെ വൈവിധ്യങ്ങളേയും അറിയാവുന്നവര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നത് കേട്ടു.
മുഖ്യമന്ത്രിയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധരിച്ചത് ഖദര്‍വസ്ത്രമാണെങ്കിലും അതിന്റെ മഹിമയൊന്നും പ്രസംഗത്തില്‍ തെളിഞ്ഞില്ല. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും താക്കോല്‍ തന്റെ പക്കലാണെന്ന മട്ടിലാണ് പ്രസംഗിച്ച് മുന്നേറിയത്. ആവേശം കയറിയപ്പോള്‍ കാനേഷുമാരി കണക്കെടുപ്പ് പോലും നടത്തരുതെന്നും ആവശ്യപ്പെട്ടു.
ബിജെപി അംഗം പൗരത്വ ബില്ലിനെ എതിര്‍ക്കാത്തതെന്താണെന്നാണ് ബാലന് മന്ത്രി ചോദിക്കുന്നത്. പ്രമേയം നിയമസഭ പരിഗണിക്കാനേ പാടില്ലെന്ന നിലപാട് സ്വീകരിച്ച ഒ.രാജഗോപാല്‍ പറഞ്ഞ ഓരോ വാക്കും പ്രമേയത്തിന് എതിരാണ്. എന്നിട്ടും രാജഗോപാലിനെ വിമര്‍ശിക്കുന്ന ബാലന് മന്ത്രി സ്വയം ചികിത്സയ്ക്കാണ് വിധേയനാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: