ന്യായപണ്ഡിതന്മാരുടെ
നിര്‍വചനപ്രകാരം തെറ്റു പറ്റാത്തതും സംശയാതീതവുമായ ജ്ഞാനം (അറിവ്) ഉണ്ടാകുന്ന തരത്തില്‍ വിവിധ ജ്ഞാനോപകരണങ്ങളെ ചേര്‍ത്തുവെക്കല്‍ (collocation) ആണ് പ്രമാണം. ഈ ചേര്‍ത്തുവെക്കല്‍ ബോധ (consciousness), , ബോധാബോധ (partly material) സ്വഭാവങ്ങള്‍ ചേര്‍ന്നതാണ്. ഉദാഹരണത്തിന് പ്രത്യക്ഷം എന്ന പ്രമാണമെടുക്കാം. ഒരാള്‍ ഒരു കുടം (ഘടം) കാണുന്നു എന്നു കരുതുക. അയാളുടെ നേത്രേന്ദ്രിയം വേണ്ട തരത്തില്‍ കുടവുമായി ബന്ധപ്പെടുമ്പോള്‍ ആദ്യം ഘടത്വം എന്ന അപ്രബുദ്ധ (nonintelligent) വും അഗ്രാഹ്യ (non apprehensible) വും അനിയത (നിര്വികല്പം) വും ആയ ബോധം അയാളില്‍ ഉണ്ടാകുന്നു. പിന്നീട് മനസ്സ് മുതലായ മറ്റു ജ്ഞാനോപകരണങ്ങളുുമായി ചേരുമ്പോള്‍ ഇതൊരു കുടമാണ് എന്ന സവികല്പബോധം അയാള്‍ക്കുണ്ടാകുന്നു.
സവികല്പബോധത്തിനു നിദാനമായി ഘടത്വം എന്ന നിര്വികല്പബോധം ഉണ്ടാകുന്നു എന്നത് നിരീക്ഷിച്ച് അറിയാന്‍ കഴിയുകയില്ല. അതിനെ അനുമാനിക്കാനേ കഴിയൂ. ഘടത്വം എന്ന വിശേഷണജ്ഞാനം അയാള്‍ക്കു നേരത്തെ ഇല്ലായെങ്കില്‍ ഘടത്വവിശിഷ്ടമായ വസ്തു ആണ് ഇത് അതിനാല്‍ ഇതു ഘടമാണ് എന്ന നിലക്കുള്ള വിശിഷ്ടബുദ്ധി അയാളില്‍ ഉണ്ടാകുമായിരുന്നില്ല. അനുമാന (inference) ത്തില്‍ ലിംഗജ്ഞാനമാണ് പ്രധാനം. ഉപമാനത്തിലാകട്ടെ സാദൃശ്യവും. ബൗദ്ധന്മാരാകട്ടെ അറിവു തന്നെയാണ് പ്രമാണം എന്നു വാദിച്ചു. വസ്തുപ്രപഞ്ചത്തെ അംഗീകരിച്ച ബൗദ്ധരും ശരിയായ അറിവിനെ തന്നെയായിരുന്നു പ്രമാണം എന്നു വിളിച്ചത്. എന്തെന്നാല്‍ ഒരു വസ്തുവിനെക്കുറിച്ചുള്ള അറിവിന് ആ വസ്തുവിന്റെ രൂപം തന്നെയാണ്. നീലനിറമാര്ന്നത് എന്ന അറിവുണ്ടാകുന്നതില് നിന്നും ആ വസ്തുവിന് നീലനിറമാണ് എന്നു നമുക്ക് മനസ്സിലാക്കാം. അറിവ് വസ്തുപ്രപഞ്ചത്തെ നിര്‍ണ്ണയിക്കുന്നില്ല. മറിച്ച് അത് വസ്തുപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ബലപ്പെടുത്തുന്നു. വസ്തുപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളിലേക്ക് നമ്മെ നയിക്കുന്നതു പ്രമാണവും വസ്തുപ്രപഞ്ചത്തോടുള്ള നമ്മുടെ നിലപാടിനെ നിര്‍ണ്ണയിക്കുന്നതു പ്രമാണഫലവുമാണ് എന്നായിരുന്നു ബൗദ്ധരുടെ നിലപാട്. അറിവ് എങ്ങിനെ ഉണ്ടാകുന്നു എന്നതിന് അവര്‍ ഒട്ടും പ്രാധാന്യം കൊടുത്തില്ല. മറിച്ച് അറിവു കൊണ്ട് ബാഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ എങ്ങനെ സൃഷ്ടിക്കാം എന്നതിനായിരുന്നു അവര്‍ ഊന്നല്‍ നല്‍കിയത്. ബാഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ (അധ്യവസായം)കളെനിര്മ്മിക്കാനുതകുന്ന ഉപകരണം എന്ന നിലക്കാണ് അവര്‍ അറിവിനെ പ്രമാണം എന്നു വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: