തൃശൂര്‍: വിയ്യൂരിലെ ജില്ലാ ജയിലില്‍ എഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ തടവുകാരനില്‍ നിന്ന് അരലക്ഷം രൂപ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മൂന്നുമണിയോടെയാണ് അസിസ്റ്റന്റ് സൂപ്രണ്ടും സംഘവും പരിശോധന ആരംഭിച്ചത്. ഇതേ തുടര്‍ന്നാണ് വാടനപ്പള്ളി സ്വദേശി സുഹൈലിന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന 50000 രുപ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സുഹൈലിനെ കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ സുഹൃത്തുക്കള്‍ നല്കിയതാകും ഈ പണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 2000 രൂപയുടെ 25 നോട്ടുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
സുഹൈല്‍ ഒരിക്കല്‍ ജയില്‍ ചാടിയതായും പോലീസ് വ്യക്തമാക്കി. ജോലിക്കായി പുറത്തിറക്കിയ സുഹൈല്‍ പോലീസുകാരെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് ഇയാളെ പോലീസ് പിടികൂടിയത്. മിന്നല്‍ പരിശോധനയില്‍ തുക കണ്ടെത്തിയതിനെ തുടര്‍ന്ന് വിയ്യൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: