ജെയ്പൂര്‍: രാജസ്ഥാനിലെ കോട്ടയിലെ നവജാത ശിശുമരണങ്ങളില്‍ സര്‍ക്കാരിന് ദുഃഖമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട്. കോട്ടയിലെ ജെ.കെ.ലോന് ആശുപത്രിയില്‍ 2019 ഡിസംബര്‍ മുതല്‍ ഇതിനോടകം നൂറിലധികം കുഞ്ഞുങ്ങളാണ് മരിച്ചത്. വിഷയം രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെയാണ് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
വിഷയത്തെ രാഷ്ട്രീയത്കരിക്കരുതെന്നും കുഞ്ഞുങ്ങളുടെ മരണങ്ങളില്‍ സര്‍ക്കാരിന് ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ ആദ്യമായി കുട്ടികള്‍ക്കു വേണ്ടിയുള്ള ഐസിയുസ്ഥാപിച്ചത് 2003ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും 2011ല്‍ കോട്ടയില്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള ഐസിയു സ്ഥാപിച്ചതും തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ലക്ഷ്യം ആരോഗ്യമുള്ള രാജസ്ഥാനാണ്.
ജെ.കെ.ലോണ്‍ ആശുപത്രിയിലെ ശിശുമരണനിരക്ക് കുത്തനെ കുറഞ്ഞുവരികയാണ്. ഇനിയും കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും ഗേഹ്ലോട്ട് അറിയിച്ചു.
അതേസമയം കുട്ടികളുടെ മരണത്തില്‍ വേണ്ട നടപടി സ്വീകരിക്കാത്തതില്‍ ബിജെപി നേതൃത്വം സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. വലിയ കാര്യങ്ങള്‍ പറയുന്ന കോണ്‍ഗ്രസ് സ്വന്തം സംസ്ഥാനത്ത് ഇപ്പോഴും മരണങ്ങളുടെ കണക്കെടുപ്പിലാണെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തല്‍.
100 കുഞ്ഞുങ്ങളുടെ ദാരുണമരണം അത്യന്തം ദുഃഖകരവും ഹൃദയഭേദകവുമാണ്. സ്ത്രീകളായിട്ടും സോണിയാ ഗാന്ധിക്കും മകള്‍ പ്രിയങ്കയും ആ അമ്മമാരുടെ വേദന മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നത് ഏറെ പരിതാപകരമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: