കോട്ടയം: ക്രൈസ്തവ സമൂഹത്തിലെ പരിഷ്‌കര്‍ത്താവായിരുന്നു ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മൂന്നാമത്തെ കാതോലിക്കാ ബാവായായിരുന്ന ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്റെ സ്ഥാനാരോഹണ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദളിത് സമൂഹത്തിന്റെ സമഗ്ര വിമോചനത്തിനായി പ്രവര്‍ത്തിച്ച നവോത്ഥാന നായകനും ചൈനീസ് ആക്രമണം ഉണ്ടായപ്പോള്‍ രാജ്യരക്ഷാനിധിയിലേക്കു സ്വര്‍ണ്ണവും പണവും സംഭാവന ചെയ്യാന്‍ സഭാ വിശ്വാസികളോട് ആഹ്വാനം ചെയ്ത രാജ്യ സ്‌നേഹിയുമായിരുന്നു അദ്ദേഹമെന്നും ഗവര്‍ണര്‍ അനുസ്മരിച്ചു. നവതിയാഘോഷച്ചടങ്ങ് നല്‍കുന്ന സന്ദേശം സമാധാനത്തിന്റെയും സ്നേഹത്തിന്റെതുമാണ്. ഇത് രണ്ടും നിലനില്‍ക്കാന്‍ പരിശുദ്ധ ബാവായുടെ ഓര്‍മകള്‍ നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാത്തോലിക്കേറ്റ് അസിസ്റ്റന്റ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മെത്രാപ്പോലീത്താമാരായ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മിസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, തോമസ് ചാഴികാടന്‍ എംപി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ,വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. അസുഖബാധിതനായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു.
















