ചങ്ങനാശ്ശേരി: മനുഷ്യര്‍ക്കിടയിലൂടെ മതില്‍ കെട്ടിയാല്‍ നവോത്ഥാനമാണെന്ന് പറയുന്ന ഭരണനേതൃത്വമാണ് ഇപ്പോഴുള്ളതെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. മന്നംജയന്തി സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതില്‍ കെട്ടുന്നതിലൂടെ ഞങ്ങള്‍, നിങ്ങള്‍ എന്ന വേര്‍തിരിവ് സൃഷ്ടിക്കപ്പെടുന്നു. അതില്‍ നമ്മള്‍ ഇല്ല. കേരള സംസ്‌കാരത്തെ ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നീ മൂന്ന് വാക്കുകളിലാണ് മന്നത്ത് പത്മനാഭന്‍ ഒതുക്കി നിര്‍ത്തിയത്. കേരളത്തില്‍ നവോത്ഥാനമാണ് വേണ്ടത്. സംസ്‌കാരമില്ലാതെ നവോത്ഥാനമില്ല. രാഷ്‌ട്രീയ അധികാരത്തിനു വേണ്ടി വിലപേശുന്ന അവസ്ഥയിലേക്ക് സമുദായത്തെയും എത്തിച്ചു. ജനാധിപത്യ ഭരണം ഏറ്റവും നല്ല കാര്യമാണ്, ഭരിക്കുന്നവര്‍ നല്ലതായാല്‍ ഭരണവും നല്ലതാകും, ഭരണക്രമമല്ല കാര്യം, ഭരിക്കുന്നവരുടെ ആത്മാര്‍ത്ഥതയും മഹനീയതയുമാണ് വലുത്. മനുഷ്യരുടെ സര്‍വ്വസാഹോദര്യം നൂറ്റാണ്ടു മുമ്പ് കേരളത്തില്‍ വേരോടിയതാണെന്നും അദ്ദേഹം പറഞ്ഞു.
മന്നം നയിച്ച വഴിയെ സഞ്ചരിച്ച എന്‍എസ്എസാണ് നായര്‍ സമുദായത്തിന് അസ്തിത്വം ഉണ്ടാക്കിയതെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ആരോഗ്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ പറഞ്ഞു. സാമ്പത്തിക സംവരണം നേടിയെടുക്കാനായത് മുന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. എന്‍എസ്എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ റിസോഴ്‌സ് സെന്റര്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















