ശബരിമല: മകരസംക്രമ സന്ധ്യയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര 13ന് പന്തളത്ത് നിന്ന് തുടങ്ങും. പുലര്‍ച്ചെ 4.30ന് തിരുവാഭരണം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍നിന്ന് പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തിച്ച് ദര്‍ശനത്തിന് വയ്ക്കും. കൃഷ്ണപ്പരുന്ത് സാന്നിധ്യമറിയിക്കുന്നതോടെ ഉച്ചയ്ക്ക് ഒന്നിന് തിരുവാഭരണവുമായി ശബരിമലയിലേക്കുള്ള യാത്ര തുടങ്ങും.
രാജപ്രതിനിധിയായി ഉത്രംനാള്‍ പ്രദീപ്കുമാര്‍ വര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും. ആദ്യ ദിവസം രാത്രി 10ന് അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശ്രമിക്കും. ഇവിടെ ഭക്തര്‍ക്ക് തിരുവാഭരണം ദര്‍ശിക്കാം. 14ന് പുലര്‍ച്ചെ രണ്ടിന് അവിടെ നിന്ന് ആയിക്കല്‍ ക്ഷേത്രം, ഇടക്കുളം വഴി വടശ്ശേരിക്കരയില്‍ എത്തും. പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം വഴി ഉച്ചയ്ക്ക് ഒന്നിന് റാന്നി പെരുനാട് ക്ഷേത്രത്തിലും, വൈകിട്ട് 3.30ന് അവിടെ നിന്ന് തിരിച്ച്, ളാഹ സത്രത്തിലും എത്തും.
മകരവിളക്ക് ദിവസമായ 15ന് പുലര്‍ച്ചെ ളാഹ സത്രത്തില്‍ നിന്നും തിരിച്ച്, മൂന്നരയോടെ രാജാമ്പാറ വഴി തലപ്പാറ മലയില്‍ എത്തും. 4.30ന് പ്ലാപ്പള്ളി നാറാണം തോട് വഴി നിലയ്ക്കല്‍ മഹാദേവര്ക്ഷേത്രത്തിലും തുടര്‍ന്ന് അട്ടത്തോട്, കൊല്ലമ്മൂഴി വഴി പമ്പയാറിന്റെ ഇടതുകരയിലുമെത്തും. ഇവിടെവച്ച് തിരുവാഭരണ ഘോഷയാത്ര പമ്പയാറിന്റെ വലത് കരയിലേക്ക് മാറി ഒളിയമ്പുഴ, ഏട്ടപ്പട്ടി, കുറുങ്കയം വഴി ഉച്ചയ്ക്ക് ഒന്നിന് വലിയാനവട്ടത്ത് എത്തും. തുടര്‍ന്ന് വൈകിട്ട് മൂന്നിന് നീലിമലയിലെത്തി വിശ്രമിക്കും.
3.30ന് സന്നിധാനത്തേക്ക് നീങ്ങും. 4.30ന് ശബരിപീഠത്തിലും 5.30ന് ശരംകുത്തിയിലുമെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ശബരിമലദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, അംഗങ്ങളായ വിജയകുമാര്‍, കെ.എസ്. രവി, സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി സുധീര്‍ നമ്പൂതിരി എന്നിവര്‍ തിരുവാഭരണ പേടകം ഏറ്റുവാങ്ങി തിരുവാഭരണങ്ങള്‍ അയ്യപ്പനെ അണിയിച്ച് ദീപാരാധന നടത്തും. ഈ സമയം മകര നക്ഷത്രം പ്രത്യക്ഷപ്പെടുകയും പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: