കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാനുള്ള പശ്ചിമ ബംഗാളിന്റെ ടാബ്ലോ നിരസിച്ചത് കടുത്ത അവഹേളനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ നിര്‍ത്തിയല്ല പശ്ചിമ ബംഗാളിനെ ഒഴിവാക്കിയത്. വസ്തുത വിരുദ്ധമായി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും നിയമങ്ങള്‍ അറിയില്ലെങ്കില്‍ അവ പഠിക്കണമെന്നും പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. എല്ലാ വിഷയങ്ങളിലും രാഷ്‌ട്രീയം കൂട്ടി കലര്‍ത്തുന്നത് മമത ബാനര്‍ജി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിന്റെ ടാബ്ലോ നിരസിക്കാന്‍ കാരണം വ്യവസ്ഥകളില്‍ വരുത്തിയ ലംഘനമാണെന്ന് ബിജെപി അറിയിച്ചു. നിര്‍ദേശം സമര്‍പ്പിക്കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി പാലിച്ചിട്ടില്ല. ഇക്കാരണത്താലാണ് പട്ടികയില്‍ നിന്നും പശ്ചിമ ബംഗാളിന്റെ ടാബ്ലോ നിരസിക്കപ്പെട്ടതെന്ന് ബിജെപി പറഞ്ഞു.
പശ്ചിമ ബംഗാളിന്റെ ടാബ്ലോ തള്ളിയതില്‍ മന്ത്രാലയം വ്യക്തമായ വിശദീകരണം നല്‍കിയിരുന്നു. പ്രഗത്ഭരടങ്ങുന്ന കമ്മിറ്റി രണ്ടുതവണ പശ്ചിമ ബംഗാളിന്റെ നിര്‍ദേശം പരിശോധിച്ചെന്നും രണ്ടാംഘട്ട പരിശോധനയില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം നിര്‍ദേശം തള്ളുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
ടാബ്ലോയുടെ വിഷയം, ആശയം, അവതരണരീതി, വിഷ്വല്‍ ഇംപാക്ട് എന്നിവ കണക്കിലെടുത്താണ് നിര്‍ദേശങ്ങള്‍ തിരഞ്ഞെടുത്തത്. സമയപരിമിതിമൂലം എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കാനായില്ലെന്നും ഏറ്റവും ഉചിതമായവ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
















