തിരുവനന്തപുരം : പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യും. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ മേധാവിയായിരുന്നെന്ന നിലയിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. നോട്ടീസ് നല്‍കിയാകും അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക.
പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വിജിലന്‍സ് പരിശോധിക്കുകയും. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്തിരുന്നു. നേരത്തെ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ സംശയമുള്ളവരുടെ പട്ടികയില്‍ ഹനീഷിന്റെ പേരും ഉണ്ടായിരുന്നു. വിജിലന്‍സ് ഒരു തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് അദ്ദേഹത്തെ വീണ്ടും വിളിച്ചു വരുത്തുന്നത്.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി ലഭിച്ചശേഷം മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും.ഇതുമായി ബന്ധപ്പെട്ട് എല്ലാകാര്യങ്ങളും വിശദമായി പഠിച്ചശേഷം തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. ഭരണഘടനയ്‌ക്കുമ നിയമത്തിനും വിധേയമായി പ്രവര്‍ത്തിക്കേണ്ടത് ഓരോ ഇന്ത്യാക്കാരന്‍റേയും കര്‍ത്തവ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ടുള്ള അപേക്ഷ മുന്നുമാസം മുമ്പ് ഗവര്‍ണര്‍ക്ക് ലഭിച്ചതാണ്. എന്നാല്‍ വിശദാംശങ്ങള്‍ തേടി സര്‍ക്കാരിനെ പലതവണയും ഗവര്‍ണര്‍ സ്വന്തം നിലയിലും ആവശ്യപ്പെട്ടെങ്കിലും നല്‍കിയിട്ടില്ല. സര്‍ക്കാരില്‍ നിന്നുള്ള മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നത് നീണ്ടുപോവുകയാണ്.
ഇതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഒരാഴ്‌ച്ച മുമ്പ് വിജിലന്‍സ് ഡയറക്ടറേയും ഐജിയേയും ഒരാഴ്ച മുമ്പ് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനോട് ഗവര്‍ണര്‍ നിയമോപദേശം തേടുകയും ചെയ്തു. പാലാരിവട്ടം പാലം കേസില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുമെന്നാണ് ആരിഫ് മുഹമ്മദ് വിഷയത്തില്‍ പ്രതികരിച്ചത്.
















