പത്തനംതിട്ട: സുപ്രീംകോടതി വിധിയില്‍ എടുത്തുചാടി നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചതാണ്. എന്നിട്ടും യുവതികളെ പ്രവേശിപ്പിച്ച് വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയാണെന്ന് തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍.
സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് ഈ വിഷയം ചര്‍ച്ച ചെയ്തതാണ്. എടുത്തുചാടി നടപടി സ്വീകരിക്കുന്നത് ഏറെ പ്രത്യാഘാതം ഉളവാക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് മുഖ്യമന്ത്രി യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് നിലപാട് എടുക്കുകയായിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്ന സംഘടനാചര്‍ച്ചയിലാണ് ഇക്കാര്യം പദ്മകുമാര്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്.
അതേസമയം കണ്ണൂര്‍ ജില്ലക്കാരനല്ലാത്തതിനാലാണ് ദേവസ്വം പ്രസിഡന്റ് സ്ഥാനത്തെയക്ക് തന്റെ കാലാവധി നീട്ടി തരാതിരുന്നതെന്നും പദ്മകുമാര്‍ ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയതായും പദ്മകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ സംഘടിപ്പിക്കുകയും അതിന്റെ മറവില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതിന്റെ ഒന്നാം വാര്‍ഷികവേളയിലാണ് മുന്‍ പ്രസിഡന്റിന്റെ ആരോപണം പുറത്തുവന്നിരിക്കുന്നത്.
പദ്മകുമാറിന്റെ ഈ ആരോപണങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്. തുടര്‍ന്ന് ഇതുസംബന്ധിച്ച് നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
















