കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിലെ കുറ്റപത്രം താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചു. 1800 പേജുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. കൂടത്തായി കേസില്‍ നാല് പ്രതികളും 246 സാക്ഷികളുമുണ്ട്. എന്നാല്‍ മാപ്പ് സാക്ഷികള്‍ ഇല്ല. കേസില്‍ ജോളി ഒന്നാം പ്രതിയും, മാത്യു രണ്ടാം പ്രതിയും, പ്രജികുമാര്‍ മൂന്നാം പ്രതിയും, മനോജ് നാലാം പ്രതിയുമാണ്. കൊലക്കുറ്റം, ഗൂഢാലോചന, വഞ്ചന എന്നിവയടക്കം ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തിനൊപ്പം 322 രേഖകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജോളി സയനൈഡ് കൈവശം വെച്ചതിന് തെളിവുണ്ടെന്നും കടലക്കറിയിലും വെള്ളത്തിലുമാണ് ജോളി സയനൈഡ് കലര്‍ത്തി നല്‍കിയതെന്നും എസ്പി കെജി സൈമണ്‍ പറഞ്ഞു
യുജിസി നെറ്റ്, എംകോം, ബികോം, എംകോം എന്നിവയുടെ വ്യാജ സര്‍ട്ടിഫിക്കേറ്റുകളും ജോളി തയ്യാറാക്കിയിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പകര്‍പ്പുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചു. കേസില്‍ മുഴുവന്‍ തെളിവുകളും ശേഖിരിച്ചിട്ടുണ്ടെന്നും പൂര്‍ണ്ണ സംതൃപ്തിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും എസ്പി കെജി സൈമണ്‍ പറഞ്ഞു.
















