ന്യൂദല്‍ഹി : റെക്കോര്‍ഡ് വേഗത്തില്‍ എഞ്ചിന്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ത്യന്‍ റെയില്‍വേ. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ ട്രെയിന്‍ ഗതാഗതം വന്‍ വികസന പാതയിലാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 446 എഞ്ചിനുകള്‍ നിര്‍മിച്ചാണ് ഇപ്പോള്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.
ബംഗാളിലെ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവാണ് ഈ നേട്ടം കരസ്ഥമാക്കിയത്. നൂറ് എഞ്ചിനുകള്‍ നിര്‍മിക്കാന്‍ ശരാശരി 126 തൊഴില്‍ ദിനങ്ങളാണ് നേരത്തെവേണ്ടിയിരുന്നത്. എന്നാല്‍ 2014 മുതല്‍ പ്രതിവര്‍ഷം വീതം ഉത്പ്പാദനം വര്‍ധിപ്പിക്കുകയായിരുന്നു. 2014 ല്‍ 242 എഞ്ചിനുകളാണ് പ്ലാന്റില്‍ നിര്‍മിച്ചിരുന്നത്. 2015 ല്‍ അത് 273 ആയി ഉയര്‍ന്നു.2016 ല്‍ 270 ആയി കുറഞ്ഞെങ്കിലും അടുത്തവര്‍ഷം ഇത് 325 ല്‍ എത്തി. 2018 ല്‍ 387 എഞ്ചിനുകള്‍ നിര്‍മിച്ച പ്ലാന്റ് 2019 ആയപ്പോഴേക്കും 446 എഞ്ചിനുകള്‍ നിര്‍മിച്ച് ഉത്പ്പാദനം മെച്ചപ്പെടുത്തുകയായിരുന്നു.
നൂറ് എഞ്ചിനുകള്‍ നിര്‍മിക്കാന്‍ 126 ദിവസം വേണ്ടിയിരുന്നത് 88 ആക്കി കുറയ്‌ക്കുകയും ചെയ്തു. ഇതോടെ നിര്‍മാണ പ്രവര്‍ത്തിയില്‍ 85 ശതമാനം മുന്നേറ്റമാണ് റെയില്‍വേയ്‌ക്ക് ഉണ്ടായിരിക്കുന്നത്. പെരമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ഉത്പ്പാദനശേഷിയിലും വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഒമ്പത് മാസത്തിനുള്ളില്‍ 3000 കോച്ചുകളാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മിച്ചത്.
















