മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ജിഹാദി മാധ്യമപ്രവര്‍ത്തകരുടെ ഒത്താശയോടെ ഒരു കൂട്ടം മാധ്യമങ്ങള്‍ വീരനായിക പരിവേഷം നല്‍കിയ അയിഷ റെന്നയെ പ്രമുഖ പാര്‍ട്ടികള്‍ ഒഴിവാക്കി തുടങ്ങി. മലപ്പുറം വാഴക്കാട് പഞ്ചായത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സംയുക്ത പ്രതിഷേധത്തില്‍ നിന്ന് ജാമിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയെ ഒഴിവാക്കിയത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് വാഴക്കാട് പഞ്ചായത്ത്. അയിഷ പങ്കെടുത്താല്‍ സംയുക്ത പ്രതിഷേധത്തില്‍ നിന്ന് ഒഴിവാകുമെന്ന് സിപിഎം അംഗങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ്-ലീഗ് അംഗങ്ങളും അയിഷയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് വരെ വീര നായികയായി കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പടെയുള്ള സംഘങ്ങള്‍ വാഴ്‌ത്തിയ അയിഷ റെന്നയെ മലപ്പുറത്തുവെച്ച് കമ്മ്യൂണിസ്റ്റുകാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മലപ്പുറത്ത് പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് സംഭവം അരങ്ങേറിയത്. അയിഷ റെന്ന പ്രസംഗിക്കുന്നതിനിടെ കോഴിക്കോട് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച അക്രമികളെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതോടെ സഖാക്കളെല്ലാം ആസാദി നായികയ്‌ക്കു നേരെ തിരിയുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ അയിഷ റെന്നയെക്കൊണ്ട് മാപ്പും പറയിപ്പിച്ചു. ഇംഗ്ലീഷില്‍ സംസാരിച്ച അയിഷ റെന്നയോട് മലയാളത്തില്‍ പറഞ്ഞാല്‍ മതി. സ്വന്തം അഭിപ്രായം അങ്ങ് വീട്ടില്‍ പറഞ്ഞാല്‍ മതിയെന്നും അവരോട് പറയുകയായിരുന്നു.
ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ കലാപകാരികള്‍ക്ക് വേണ്ടി പോലീസിനോട് തട്ടിക്കയറുന്ന അയിഷ റെന്നയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധ പരിപാടിക്കായി അയിഷ റെന്നയെ ക്ഷണിച്ചത്. എന്നാല്‍ ചടങ്ങിനെത്തി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതോടെ അവരിലെ യഥാര്‍ത്ഥ്യത്തെ മനസിലാക്കുകയും സിപിഎമ്മുകാര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയുമായിരുന്നു. ഇതിനു പിന്നാലെയാണു അയിഷയെ ബഹിഷ്‌കരിക്കാന്‍ സിപിഎം തീരുമാനിച്ചത്.
















