തിരുവനന്തപുരം: സ്വച്ഛ് ഭരത് പ്രധാനമന്ത്രി ‘മോഡി’ക്കു വേണ്ടിയല്ല ആരോഗ്യമുള്ള ‘ബോഡി’ക്കു വേണ്ടിയാണെന്ന് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു പ്രാസം ഒപ്പിച്ചു പറഞ്ഞപ്പോള്‍ കുട്ടി ശാസ്ത്രജ്ഞ്രര്‍ മതി മറന്നു കൈയടിച്ചു. ‘നേച്ചര്‍, കള്‍ച്ചര്‍ ടുഗതര്‍ ബെറ്റര്‍ ഫ്യൂച്ചര്‍’ എന്ന് പറഞ്ഞപ്പോഴും നിലയ്‌ക്കാത്ത കൈയടി. പ്രകൃതിയും സംസ്‌കാരവും ഒന്നിച്ചാല്‍ നല്ല ഭാവി എന്ന അര്‍ഥത്തേക്കാള്‍ വാചക ഭംഗിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുട്ടികളെ രസിപ്പിച്ചത്.
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ എഴുതി കൊണ്ടു വന്ന പ്രസംഗത്തില്‍നിന്ന് വിട്ട വെങ്കയ്യ നായിഡു തന്റെ സ്വതസിദ്ധ ശൈലിയില്‍ പ്രസംഗിച്ചപ്പോള്‍ പ്രാസം ഒപ്പിച്ചുള്ള വാക്കുകള്‍ ഒഴുകിയെത്തി. വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങിയ സദസ്സ് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ചരിത്രപരമായി ഇന്ത്യ അറിവിന്റെ ദീപസ്തംഭമാണെന്നു പറഞ്ഞ ഉപരാഷ്‌ട്രപതി, ലോകത്തിന്റെ ശാസ്ത്ര നിധിയെ സമ്പന്നമാക്കിയ നിരവധി ഐതിഹാസികരായ ശാസ്ത്രകാരന്മാര്‍ പുരാതന ഇന്ത്യയിലുണ്ടായിരുന്നതായും വ്യക്തമാക്കി. അവരുടെ നേട്ടങ്ങളില്‍ നാംഅഭിമാനിക്കുകയും അവരില്‍ നിന്ന് നമുക്ക് പാരമ്പര്യമായി ലഭിച്ച അറിവുകള്‍ മുഴുവന്‍ ലോകവുമായും പങ്കുവയ്‌ക്കുകയും വേണം.
ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും പരീക്ഷണശാലകള്‍ക്ക് അപ്പുറം പോയി സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. പരീക്ഷണശാലകളില്‍ മാത്രം നിലനില്‍ക്കുകയാണെങ്കില്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും പുരോഗതികൊണ്ട് ഒരു നേട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെല്ലുവിളി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രം ഉത്തരങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്ര വിദ്യാഭ്യാസമെന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കും വികസനത്തിനും വളരെ പ്രധാനവുമാണ്. പക്ഷപാതരഹിതമായും മുന്‍ധാരണകളില്ലാതെയും സത്യം കണ്ടെത്തുന്നതിന് ശാസ്ത്ര വിദ്യാഭ്യാസം കുട്ടികളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ അമ്പേഷണവും വിമര്‍ശനാത്മകമായ വിശകലനവുമാണ് വേണ്ടതെന്ന് അധ്യക്ഷനായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത് എംഎല്‍എ, ആര്‍ച്ച് ബിഷപ്പ് ബസോലിയോസ് ക്ലിമീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
”ശുചിത്വവും, ഹരിതവും ആരോഗ്യകരവുമായ ഒരു രാജ്യത്തിന് വേണ്ടി ശാസ്ത്ര സാങ്കേതികവിദ്യയും നൂതനാശയങ്ങളും” എന്നതാണ് ബാലശാസ്ത്ര കോണ്‍ഗ്രസി്‌ന്റെ വിഷയം. 28 സംസ്ഥാനങ്ങള്‍, 15 കേന്ദ്ര ഭരണ പ്രദേശങ്ങള്‍, മധ്യപൂര്‍വ ഏഷ്യയിലെ 15 ഇന്ത്യന്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 658 ബാലപ്രതിഭകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഒരു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്‌ട്രപതി മടങ്ങി. ഹൈദരാബാദില്‍ നിന്ന് ഇന്നലെ രാവിലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്‌ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ. ശ്രീകുമാര്‍ എന്നിവരും വിവിധ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. വൈകിട്ട് 5.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ അദ്ദേഹം ഹൈദരാബാദിലേക്ക് മടങ്ങി.
















