തിരുവല്ല: തുകലശ്ശേരി സിഎസ്ഐ വൊക്കേഷണല്‍ ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ വാര്‍ഡനും മഞ്ഞപ്പിത്തം. 39 വിദ്യാര്‍ഥികള്‍ ചികിത്സ തേടി. ഈ സ്‌കൂളിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നവരാണ്. ക്രിസ്മസ് അവധിക്ക് മുമ്പ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ആദ്യം മഞ്ഞപ്പിത്തമുണ്ടായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി സാമ്പിളുകള്‍ പരിശോധിച്ചിരുന്നുവെങ്കിലും മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന രോഗാണുവിന്റെ സാന്നിധ്യം സ്‌കൂളിലോ ഹോസ്റ്റലിലോ കണ്ടെത്താന്‍ സാധിച്ചില്ല.
ഇരുപതിന് ഹോസ്റ്റല്‍ അടച്ച ശേഷം വീടുകളിലെത്തിയവരാണ് രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും. കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നാലു പേര്‍ വീതവും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാളും ചികിത്സയിലാണ്. ഒക്ടോബര്‍ അവസാനം ഒറ്റപ്പാലത്തു നടന്ന സംസ്ഥാന ബധിര സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തു തിരിച്ചുവന്ന ശേഷം ഒരു കുട്ടിക്ക് മഞ്ഞപ്പിത്തമുണ്ടായി.
ഈ കുട്ടിക്ക് ഹെപ്പറ്റെറ്റിസ്-എ ഒക്ടോബര്‍ 28ന് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം ഒരുമാസം കഴിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് രോഗലക്ഷണം കണ്ടതോടെ പ്രതിരോധത്തിനുള്ള ഹോമിയോമരുന്ന് എല്ലാവര്‍ക്കും നല്‍കിയതായി പ്രിന്‍സിപ്പല്‍ ചാണ്ടി ഏബ്രഹാം പറഞ്ഞു.
ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് സ്‌കൂളില്‍ പരിശോധന നടത്തി. ഇനി ഒരറിയിപ്പ് നല്‍കുന്നതുവരെ ഹോസ്റ്റലും സ്‌കൂളും തുറക്കരുതെന്നു നിര്‍ദേശിച്ചു. സ്‌കൂള്‍ തുറന്നശേഷം ശുചീകരണം, പരിശോധന, ബോധവത്കരണം എന്നിവ നടത്തും.
പ്രീപ്രൈമറി മുതല്‍ പ്ലസ്ടു വരെ 161 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഇതില്‍ 140 പേര്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവരാണ്.
















