തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രമേശ് ചെന്നിത്തല വിഭാഗവും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിഭാഗവും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. കെപിസിസി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി ചെന്നിത്തല യോഗങ്ങള്‍ വിളിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധ സമരത്തില്‍ യുഡിഎഫ് കൂടി പങ്കെടുത്തതിന്റെ നേട്ടം എല്‍ഡിഎഫിനും പ്രത്യേകിച്ച് സിപിഎമ്മിനുമാണെന്നാണ് മുല്ലപ്പള്ളിയുടെ വാദം. ഇതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് രംഗത്തെത്തി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കാത്തതിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. യോഗത്തിലുണ്ടായിരുന്ന ചെന്നിത്തല ഇതിനെതിരെ പ്രതികരിച്ചതുമില്ല. കോണ്‍ഗ്രസിനെ വിഘടിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് കെ.സി. ജോസഫിന്റെ അഭിപ്രായം. യുഡിഎഫിന് രാഷ്‌ട്രീയ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രിയുടെയോ സിപിഎമ്മിന്റെയോ ഉപദേശം ആവശ്യമില്ല. കെപിസിസി പ്രസിഡന്റ് കൂടി അറിഞ്ഞാണ് ചെന്നിത്തല യോഗത്തില്‍ പങ്കെടുത്തതെന്നും ജോസഫ് പ്രസ്താവനയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ കെണിയില്‍ ചെന്നിത്തല വീണുവെന്നാണ് കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായം.
കഴിഞ്ഞ വര്‍ഷം വനിതാ മതിലിനു വേണ്ടി നവോത്ഥാന മുന്നണിയുണ്ടാക്കി അതില്‍ പങ്കെടുത്ത സാമുദായിക സംഘടനകള്‍ക്കുണ്ടായ ദുരവസ്ഥ പോലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ യുഡിഎഫിലും അസ്വസ്ഥത സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസിലെ മുല്ലപ്പള്ളി വിഭാഗം വിലയിരുത്തുന്നു.
സര്‍വകക്ഷി യോഗത്തില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി ആലോചിച്ച് തീരുമാനിക്കണമെന്നാണ് തീരുമാനം. ഇതിലും മുഖ്യമന്ത്രി മുതലെടുപ്പ് നടത്തുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. മുല്ലപ്പള്ളി അറിയാതെ ചെന്നിത്തല രാഷ്‌ട്രീയ തീരുമാനമെടുക്കുന്നതായും കെപിസിസിക്ക് പരാതിയുണ്ട്. കഴിഞ്ഞ ദിവസം ചെന്നിത്തല വിളിച്ചു ചേര്‍ത്ത മുസ്ലിം നേതാക്കളുടെ യോഗവും മുല്ലപ്പള്ളിയെ ചൊടിപ്പിച്ചു. കെപിസിസിയുടെ അനുമതിയില്ലാതെയാണ് പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്.
















