ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ന്യൂദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. മുതിര്‍ന്ന നേതാവ് ഗുഗന്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, ബിജെപി ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി, എംപിമാരായ പര്‍വേഷ് വര്‍മ, വിജയ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുഗന്‍ സിങ് ബിജെപിയില്‍ തിരിച്ചെത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ മത്സരിച്ച സിങ് പഞ്ചാബി ഗായകന്‍ ഹാന്‍സ് രാജിനോട് തോറ്റിരുന്നു. 2013ല്‍ ബിജെപി സ്ഥാനാര്‍ഥിയായി ബവാന മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് എംഎല്‍എ ആയി. 2017ല്‍ എഎപിയിലെത്തി. മറ്റുള്ളവരുടെ വീട്ടില്‍ ആരും സന്തുഷ്ടരായിരിക്കില്ലെന്നും രണ്ടര വര്‍ഷം ആം ആദ്മി പാര്‍ട്ടിയില്‍ കടിച്ചുപിടിച്ച് നില്‍ക്കുകയായിരുന്നെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം ഗുഗന്‍ സിങ് പറഞ്ഞു.
















