ന്യൂദല്‍ഹി: ശൈത്യം കനത്തതോടെ മഞ്ഞില്‍ മൂടി ദല്‍ഹി. ഒരു കൈ അകലത്തിലുള്ളവ പോലും കണാന്‍ കഴിയാത്ത തരത്തില്‍ മഞ്ഞ് മൂടി. കനത്ത മൂടല്‍ മഞ്ഞില്‍ റോഡ്-വ്യോമ-റെയില്‍ ഗതാഗതങ്ങളെല്ലാം താറുമാറായി. മുപ്പതോളം ട്രെയിനുകളാണ് വൈകി ഓടുന്നതെന്ന് ഉത്തര റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് അഞ്ഞൂറോളം വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. പലതും വഴി തിരിച്ചുവിട്ടു. നിലവില്‍ 50 മുതല്‍ 175 മീറ്റര്‍ വരെയാണ് റണ്‍വേയിലെ കാഴ്ചപരിധി. അതുകൊണ്ട് സിഎടി മൂന്ന് ബി സംവിധാനങ്ങളുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. റോഡില്‍ കാഴ്ചകള്‍ അവ്യക്തമായതിനാല്‍ ഹെഡ്‌ലൈറ്റിട്ടാണ് വാഹനങ്ങള്‍ ഓടുന്നത്.
കഴിഞ്ഞ 22 വര്‍ഷത്തിനിടയില്‍ ഡിസംബറിലെ ഏറ്റവും വലിയ തണുപ്പാണ് ദല്‍ഹിയിലിപ്പോഴെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കു പടിഞ്ഞാറ് നിന്നുള്ള കാറ്റിന്റെ ദിശമാറുന്നതോടെ ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ താപനില ഉയരുമെന്നാണ് കലാവസ്ഥാ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
മൂടല്‍മഞ്ഞ്: ഉത്തര്‍പ്രദേശില്‍ കാര്‍ അപകടത്തില്‍ ആറു പേര്‍ മരിച്ചു
ലഖ്‌നൗ: മൂടല്‍മഞ്ഞ് കാരണം കാര്‍ കനാലില്‍ വീണ് രണ്ട് കുട്ടികളടക്കം ആറു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.
ദന്‍കൗര്‍ പ്രദേശത്തെ ഖേര്‍ലി കനാലിലേക്കാണ് കാര്‍ വീണത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. കാറില്‍ പതിനൊന്നു പേരുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
















