കണ്ണൂര്‍: ആധുനികതയില്‍ എന്നോ നഷ്ടപ്പെട്ടുപോയ, ഐശ്വര്യത്തിന്റെ പ്രതീകമായി ഒരു കാലത്ത് എല്ലാ മലയാളികളുടെയും വീടുകളില്‍ നിറസാന്നിധ്യമായിരുന്ന ആയികതിര്‍ പുതുതലമുറയില്‍ കൗതുകമുയര്‍ത്തുന്നു. സരസ്‌മേളയിലെ കുടുംബശ്രീ കണ്ണൂരിന്റെ സ്റ്റാളിലാണ് കുട്ടികളിലും യുവാക്കളിലും കൗതുകവും മുതിര്‍ന്നവരില്‍ ഗൃഹാതുരുത്വവും ഉയര്‍ത്തുന്ന ആയികതിര്‍ ഒരുക്കിയിരിക്കുന്നത്.
തൊട്ടും തലോടിയും ആയി കതിര്‍ കണ്ട കുട്ടികള്‍, എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത്, എന്തിനാണ് ഉണ്ടാകുന്നത്, ഇത് പൊട്ടിപ്പോകില്ലേ തുടങ്ങി നിരവധി സംശയങ്ങളാണ് ഉന്നയിച്ചത്. നെല്‍ക്കതിര്‍ മെടഞ്ഞാണ് ആയികതിര്‍ ഉണ്ടാക്കുന്നതെന്ന് പറഞ്ഞപ്പോള്‍ എന്താണ് നെല്‍കതിര്‍ എന്ന ചോദ്യവും ചില കുട്ടികളില്‍ നിന്നുയര്‍ന്നു. ഔഷധസസ്യ പരിപാലകനായ പയ്യന്നൂരിലെ കാനായി നാരായണനാണ് സ്റ്റാള്‍ ഒരുക്കിയത്. നവര, കുഞ്ഞിനെല്ല്, കൊത്തമ്പാരി കയ്‌മ, ഏഴോം എന്നീ നെല്ലിനങ്ങളുടെ കതിര്‍ ഉപയോഗിച്ചാണ് ആയികതിര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 500 രൂപ മുതല്‍ 1200 രൂപ വരെയാണ് ആയികതിരിന് വിലയീടാക്കുന്നത്. വില്‍പ്പന എന്നതിലുപരി പുതുതലമുറയിലേക്ക് ഇത്തരം അറിവുകളും കാഴ്ചകളും എത്തിക്കുക എന്നതാണ് സ്റ്റാളിലൂടെ ഉദ്ദേശിക്കുന്നതെന്ന് 2017 ലെ ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ നാരായണന്‍ പറയുന്നു.
കൂടാതെ പാരമ്പര്യ രീതിയിലുണ്ടാക്കിയ എണ്ണക്കൂട്ട്, പാദ രക്ഷാലേപനം, കുഴിനഖ തൈലം, മുറിവെണ്ണ, രാമച്ചം തുടങ്ങി നിരവധി ഔഷധങ്ങളുടെ വില്‍പ്പനയും ഇദ്ദേഹത്തിന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. നിരവധി ആവശ്യക്കാരാണ് ഉല്‍പ്പന്നങ്ങള്‍ക്കുള്ളതെന്നും ശരാശരി 7000 രൂപയുടെ കച്ചവടം ദിനംപ്രതി നടക്കുന്നുണ്ടെന്നും നാരായണന്‍ പറഞ്ഞു. 10 രൂപ മുതല്‍ 160 രൂപ വരെയാണ് ഔഷധങ്ങള്‍ക്ക് വില.
സ്വന്തം ഭൂമിയില്‍ കൃഷി ചെയ്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം ഔഷധ കൂട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 30 സെന്റ് സ്ഥലത്ത് 500 ഓളം ഇനങ്ങളിലുള്ള ഔഷധസസ്യങ്ങളാണ് നാരായണന്‍ സംരക്ഷിക്കുന്നത്. കൂടാതെ നവര, ഉമ തുടങ്ങിയ നെല്ലിനങ്ങളുടെ കൃഷിയും ഇദ്ദേഹത്തിനുണ്ട്. മാത്രമല്ല ബഡ്‌സ് സ്‌കൂള്‍, ആരാധനാലയങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലേക്ക് വിവിധ ഔഷധചെടികള്‍ സൗജന്യമായും ഇദ്ദേഹം നല്‍കി വരുന്നു. 2017 ഡല്‍ഹി സരസ്‌മേളയിലെ ഒന്നാം സ്ഥാനവും ഇദ്ദേഹം നേടിയിട്ടുണ്ട്. പ്ലാസ്റ്റിക് കൂടുകള്‍ക്ക് പകരം തൈകള്‍ മുളപ്പിക്കാന്‍ മുളം തണ്ടുകള്‍ ഉപയോഗിക്കുന്ന ഇദ്ദേഹത്തിന്റെ രീതിയും ഏറെ പ്രശസ്തമാണ്.
















