കൊല്ലം: പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ 200 മത്സ്യത്തൊഴിലാളികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകി. തീരസേനയ്‌ക്ക് ലൈസൻസ് എന്ന പേരിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് മന്ത്രി മേഴ്സി കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം പി ലൈസൻസ് വിതരണം ചെയ്തു.
ഇപ്പോൾ ട്രാഫിക് എസ്ഐ ആയ പി.പ്രദീപ് പള്ളിത്തോട്ടം പോലിസ് സ്റ്റേഷനിൽ എസ്ഐ ആയി ജോലി നോക്കവേയാണ് കടലോരത്തെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികൾക്കും ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പോലും ലൈസൻസ് ഇല്ലാ എന്ന് മനസിലാകുന്നത്. തുടർന്ന് ജനമൈത്രി ബിറ്റ് മീറ്റിംഗിലും കടലോര ജാഗ്രതാ സമിതി മീറ്റിംഗിലും ലൈസൻസില്ലാതെ വാഹനം ഓടിച്ച് അപകടം ഉണ്ടായാൽ ഉണ്ടാകുന്ന ഭവിഷത്തിനെ കുറിച്ചും ഇൻഷുറൻസ് ക്ലയിം ലഭിക്കാതെ കുടുംബം കടക്കെണിയിൽ പെടുമെന്ന ബോധവൽകരണം നടത്തി.
പക്ഷേ വിദ്യാഭ്യാസം കുറവായ എഴുതുവാനും വായിക്കുവാനും പോലും അറിയാത്ത ഞങ്ങൾക്ക് എങ്ങിനെ ലൈസൻസു കിട്ടും എന്നതായിരുന്നു മത്സ്യത്തൊഴിലാളികളുടെ സംശയം. കൊല്ലം ആർടിഒ വി.സജിത്തും കൊല്ലം ട്രാക്ക് സംഘടനയുമായ് സഹകരിച്ചു ലൈസൻസ് ആവശ്യമുള്ളവരുടെ രജിസ്ട്രേഷൻ തുടങ്ങി . എല്ലാവരെയും ഞെട്ടിച്ചു അപേക്ഷകരുടെ എണ്ണം 2450 ആയി.
തുടർന്നു മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ട്രാക്കിന്റെയും കൊല്ലം എഫ് സി ഡി പി യുടെയും സഹകരണത്താൽ അപേക്ഷിച്ച മത്സ്യതൊഴിലാളികളായ ലേണേഴ്സ് ടെസ്റ്റിനു പ്രത്യേക പരിശീലനം നൽകി. ആദ്യ ബാച്ചിൽ1020 പേർ ഇത് പാസായി. ഇതിൽ നിന്നും 240 പേർ പങ്കെടുത്ത് ഡ്രൈവിംങ്ങ് ടെസ്റ്റിൽ 200 പേർക്ക് ലൈസൻസ് ലഭിച്ചു. ലൈസൻസ് ലഭിക്കാത്തവർക്ക് വീണ്ടും പരിശീലനം നൽക്കാനുള്ള ഒരുക്കത്തിൽ ആണ് എസ്.ഐ പി.പ്രദീപ്.
















