ശിവഗിരി: ശിവഗിരി തീര്‍ഥാടനത്തെ അട്ടിമറിച്ച് ഗുരുദേവന്റെ പ്രാധാന്യത്തെ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. കഴിഞ്ഞ തീര്‍ഥാടന കാലത്ത് നവോഥാന മതില്‍ എന്ന പേര് പറഞ്ഞ് തീര്‍ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.
ശിവഗിരി തീര്‍ഥാടന ദിവസം കൂടി ഉള്‍ക്കൊള്ളിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രിസ്തുമസ് അവധി ക്രമീകരിക്കണമെന്ന മഠത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ശ്രീനാരായണ ഗുരുവിനെ തെറ്റായി പ്രചരിപ്പിക്കുന്നു. ഗുരുവചനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നില്ല. ഗുരുഭക്തരെ സര്‍ക്കാര്‍ അവഹേളിക്കുന്നു. ഗുരുവിനെ മാറ്റി നിര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
87-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം കുറിക്കും. മൂന്ന് ദിവസത്തെ തീര്‍ത്ഥാടനചടങ്ങുകള്‍ ജനുവരി 1ന് സമാപിക്കും. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ തീര്‍ത്ഥാടന സന്ദേശം ഭക്തരിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതെന്ന് ശിവഗിരി മഠം അറിയിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥി ആയിരിക്കും. 31ന് ചൊവ്വാഴ്ച രാവിലെയാണ് തീര്‍ത്ഥാടന ഘോഷയാത്ര പുറപ്പെടുന്നത്. തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ജനുവരി ഒന്നിന് നടക്കുന്ന സംഘടനാ സമ്മേളനം കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍.അശ്വത് നാരായണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ശിവഗിരി മഠം അറിയിച്ചു. വൈകിട്ട് നാലിനാണ് സമാപന സമ്മേളനം നടക്കുക.
അതേസമയം, ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളില്‍ വര്‍ക്കലയിലും സമീപ പ്രദേശങ്ങളിലുമുള്ള അഞ്ച് സ്‌കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശിവഗിരിയില്‍ സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്കും മറ്റ ഉദ്യോഗസ്ഥര്‍ക്കും താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.
















