കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണറെ തടയുകയും പ്രസംഗം തടസ്സപ്പെടുത്തുകയും ചെയ്ത ഇടത് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ അറസ്റ്റു ചെയ്യുക, ഗവര്‍ണര്‍ക്കെതിരെ ചടങ്ങില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ചരിത്ര കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സര്‍വകലാശാല കവാടത്തില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഭരണഘടനാ പദവിയിലിരിക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമമെങ്കില്‍ അതിവിടെ നടക്കില്ലെന്നും ഭരണഘടനയെ നിയമ വ്യവസ്ഥയെ തകിടം മറിക്കാന്‍ ശ്രമിച്ചാല്‍ ദേശസ്‌നേഹികള്‍ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ നടപടിയിലൂടെ കണ്ണൂരിനെ അരാജകത്വ കേന്ദ്രമായി മാറ്റി. കര്‍ണാടക മുഖ്യമന്ത്രിയെ ഏതാനും
ദിവസം മുമ്പ് കണ്ണൂരില്‍വെച്ച് അക്രമിച്ചു. ഇപ്പോള്‍ ഗവര്‍ണര്‍ക്ക് നേരെയും അതിക്രമം നടന്നു. കണ്ണൂരും ഭാരതത്തിന്റെ ഭാഗമാണെന്നും ഇന്നതെ പറയാവൂ എന്ന് തിട്ടൂരം ഇറക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇടത്-ജിഹാദി-നക്‌സല്‍ മേളയായ ചരിത്ര കോണ്‍ഗ്രസ് മാറി. ചരിത്രകാരന്മാരുടെ ലേബലില്‍ നുഴഞ്ഞു കയറിയ ഇടത്-ജിഹാദി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ബാബു സംസാരിച്ചു. മാര്‍ച്ചിന് ആര്‍എസ്എസ് പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ്ബാബു, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ്, ബിജെപി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ചിത്ത്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.വി. ജയരാജന്‍ മാസ്റ്റര്‍, സഹകാര്യവാഹ് വി. ശശിധരന്‍, കെ.കെ. വിനോദ് കുമാര്‍, കെ.ജി. ബാബു, സി.സി. രതീഷ്, ഭാഗ്യശീലന്‍ ചാലാട്, രവീന്ദ്രനാഥ് ചേലേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















