പുട്ടൂരിലെ രാമകുഞ്ചയില്‍ 1931 ലാണ് വിശ്വേശ തീര്‍ത്ഥ സ്വാമിയുടെ ജനനം. പിതാവ് നാരായണാചാര്യയും മാതാവ് കമലമ്മയും വെങ്കിട്ടരാമന് എന്നാണ് വിശ്വേശ തീര്‍ത്ഥ സ്വാമിക്ക് ആദ്യം നാമകരണം ചെയ്തത്. 1938ല്‍ എട്ടാമത്തെ വയസ്സില്‍ സന്ന്യാസ പാതയിലേക്ക് തിരിഞ്ഞതോടെയാണ് വിശ്വേശ തീര്‍ത്ഥ എന്ന പേര് സ്വീകരിച്ചത്. ഭണ്ഡാര്‍കേരി മഠത്തിലെ വിദ്യാമന്യ തീര്‍ത്ഥാരുവായിരുന്നു ഗുരു.
1522ല്‍ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള എട്ട് മഠങ്ങള്‍ക്കിടയില്‍ അധികാരം കൈമാറുന്ന സംവിധാനം ആരംഭിച്ചതിനു ശേഷം അഞ്ച് തവണ ‘പര്യായ പീഠം’ ലഭിച്ചത് സ്വാമിജിക്കു മാത്രം. 1954ലാണ് വിശ്വേശ തീര്‍ത്ഥ തീരദേശ മേഖലകളില്‍ ഹിന്ദു അനൂകൂല സമ്മേളനങ്ങള്‍ ആരംഭിച്ചത്. ശേഷം അദ്ദേഹം 1954ല്‍ തന്നെ ഉഡുപ്പിയില്‍ അഖിലേന്ത്യാ മാധവ സമ്മേളനവും സംഘടിപ്പിച്ചു. ഇതിന് ശേഷം നിരവധി പരിപാടികളാണ് സ്വാമിയുടെ നേതൃത്വത്തില്‍ സംസ്ഥനത്ത് നടന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ സ്വാമി രാമജന്മഭൂമി പ്രസ്ഥാനവുമായും വിശ്വഹിന്ദു പരിഷത്തുമായും ഗോരാക്ഷാപ്രസ്ഥാനവുമായും വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നു.
ഹിന്ദുസമൂഹത്തിലെ ദളിത് വിഭാഗങ്ങളുടെ നന്മയ്ക്കായി സ്വാമിജി നിരന്തരം പ്രയത്നിച്ചു. ദളിതരെ അപമാനിക്കുന്നത് സനാതന ധര്‍മത്തെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പലപ്പോഴും സ്വാമിജി പറഞ്ഞിരുന്നു. ദളിത് കോളനികളിലൂടെ സ്വാമിജി നടത്തിയ പദയാത്ര ശ്രദ്ധേയമായിരുന്നു. ദളിതര്‍ക്കു വേണ്ടി ഉപവാസമനുഷ്ഠിച്ചിട്ടുണ്ട്.
രാമനാഥപുരത്ത് മതപരിവര്‍ത്തനത്തിന് വിധേയരായ ദളിതരെ സ്വാമിജി ഹിന്ദുധര്‍മത്തിലേക്ക് തിരികെ കൊണ്ടുവന്നത് രാജ്യത്തു തന്നെ ഹിന്ദുനവോത്ഥാനത്തിന് കരുത്തു പകര്‍ന്ന സംഭവങ്ങളിലൊന്നാണ്.
1975ല്‍ അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിച്ച് ഭരണാധികാരികള്‍ക്ക് കത്തെഴുതിയ അദ്ദേഹം ഇതിന്റെ പേരില്‍ ജയില്‍വാസം അനുഷ്ഠിക്കാന്‍ തയാറാണെന്നും അറിയിച്ചിരുന്നു. എല്ലാം തികഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്ന വിശ്വേശ തീര്‍ത്ഥ സ്വാമി സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്നതിനായി ബെംഗളൂരുവില്‍ ശ്രീകൃഷ്ണ സേവാശ്രമവും, ഉഡുപ്പിയില്‍ ശ്രീകൃഷ്ണ ചികിത്സാലയവും സ്ഥാപിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം നിരീക്ഷിക്കുന്നതിനായി രാമജന്മഭൂമി ട്രസ്റ്റിന്റെ മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയായും സ്വാമിയെ പരിഗണിച്ചിരുന്നു. എല്ലാ ജാതികളോടും മതങ്ങളോടും തുല്യ പരിഗണനയോടെ നിലനിന്നിരുന്ന വിശ്വേശ തീര്‍ത്ഥ സ്വാമി ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനാല്‍ താന്‍ എല്ലായ്പ്പോഴും സമത്വത്തിനായി പോരാടുമെന്നാണ് സ്വാമി പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: