കൊല്ലവര്‍ഷം 1103 (1928) മകരം ആറാം തീയതി. കോട്ടയം നാഗമ്പടം ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള മാവിന്‍ചുവട്ടില്‍ വിശ്രമക്കുകയായിരുന്നു ശ്രീനാരായണ ഗുരുദേവന്. ആ നേരത്ത് വല്ലഭശ്ശേരി ഗോവിന്ദന് വൈദ്യരും ടി. കെ. കിട്ടന് റൈട്ടറും ഗുരുവിനെ സമീപിച്ച് ശിവഗിരി തീര്‍ഥാടനത്തിനുള്ള അനുവാദം ചോദിച്ചു. ഇതു സംബന്ധിച്ച് എഴുതി തയാറാക്കിയിരുന്ന കുറിപ്പ് റൈട്ടര്‍ ഗുരുവിനെ വായിച്ചു കേള്‍പ്പിച്ചു. അതിനുശേഷം തീര്‍ഥാടന രീതികളെക്കുറിച്ച് ഗുരു കല്പിച്ചു.
‘തീര്‍ഥാടകര്‍ ശിവഗിരിയില്‍ വന്നുകൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടു പിറപ്പിനായിക്കൊള്ളട്ടെ.’എന്നാണ് ഗുരു കല്പിച്ചത്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സാംസ്ക്കാരികമായ ഒത്തൊരുമയും അതിലൂടെ മനുഷ്യരാശിക്ക് ആധ്യാത്മികമായും ഭൗതികമായും ഉണ്ടാകാനിടയുള്ള ഉന്നതിയുമാണ് ഗുരു ഇതിലൂടെ ദീര്‍ഘ വീക്ഷണം ചെയ്തത്. ഗുരുവിന്റെ ഈ ദീര്‍ഘവീക്ഷണം എല്ലാ കാര്യത്തിലും ദര്‍ശിക്കാം. ആലുവയില്‍ സംസ്കൃത പാഠശാല സ്ഥാപിച്ചപ്പോള്‍ ശിവഗിരിയില്‍ ഇംഗ്ലീഷ് സ്കൂള്‍ ആരംഭിക്കുവാനും ഗുരുവിന് സാധിച്ചു. നമ്മുടെ സാംസ്ക്കാരിക പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസം എന്നതായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്.
പഞ്ചശുദ്ധിയോടു കൂടിയ പത്തു ദിവസത്തെ വ്രതമാണ് തീര്‍ഥാടകര്‍ക്കായി ഗുരു നിര്‍ദേശിച്ചത്. ശ്രീബുദ്ധന് ഉപദേശിച്ച ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മശുദ്ധി എന്നിവയാണ് പഞ്ചശുദ്ധി എന്നതുകൊണ്ട് ഗുരു ഉദ്ദേശിച്ചത്.
ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും ഇഷ്ടവസ്ത്രമായ മഞ്ഞവസ്ത്രമാണ് ഗുരു തീര്‍ഥാടകര്‍ക്കായി നിര്‍ദേശിച്ചത്. ഇതിനായി മഞ്ഞപ്പട്ടു വാങ്ങാന്‍ ആരും തുനിയരുതെന്നും വെള്ളവസ്ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിച്ചാല്‍ മതിയെന്നും ഗുരു ഉപദേശിച്ചു. തീര്‍ഥാടകര്‍ യാത്രയ്ക്കു വേണ്ടി അധികം പണം ചെലവിടരുതെന്നും ആഡംബരവും ഒച്ചയും പാടില്ലെന്നും ഗുരു പറഞ്ഞു.
ശുദ്ധവും ലളിതവുമായൊരു തീര്‍ഥാടനമാണ് ഗുരു ലക്ഷ്യമിട്ടത്. ശിവഗിരി തീര്‍ഥാടനത്തിന്റെ ലക്ഷ്യത്തിനാണ് ഗുരു ഏറെ പ്രാധാന്യം നല്‍കിയത്. ഇടതു കൈവിരലുകള്‍ മടക്കി, എണ്ണിക്കൊണ്ട് ഗുരു ലക്ഷ്യങ്ങള്‍ പറഞ്ഞു കൊടുത്തു.
1. വിദ്യാഭ്യാസം 2. ശുചിത്വം, 3. ഈശ്വരഭക്തി, 4. സംഘടന, 5. കൃഷി, 6. കച്ചവടം, 7. കൈത്തൊഴില്‍ 8. സാങ്കേതിക പരിശീലനങ്ങള്‍. ഈ വിഷയങ്ങളില്‍ വൈദഗ്ധ്യം ഉള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗപരമ്പര നടത്താനും നിര്‍ദേശിച്ചു.
വ്യക്തിയുടെയും സമൂഹത്തിന്റെയും ആധ്യാത്മികവും ഭൗതികവുമായ പുരോഗതി, സമഗ്രമായ അറിവിന്റെ വികാസം, സത്യസാക്ഷാത്ക്കാരം, ഇതൊക്കെയാണ് ഗുരുദര്‍ശനത്തിന്റെ കാതല്‍. ആധ്യാത്മികതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നല്കി എന്നതു തന്നെയാണ് ഗുരുദര്‍ശനത്തെ ഏറെ വ്യത്യസ്തമാക്കുന്നതും.
9995968627
പ്രതികരിക്കാൻ ഇവിടെ എഴുതുക: