ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സേന എന്നതിലുപരി ലോകത്തിലെ ഏറ്റവും ധീരമായ സായുധ ശക്തി കൂടിയാണ് സിആര്‍പിഎഫെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിസ്വാര്‍ത്ഥമായ സേവനമാണ് സിആര്‍പിഎഫ് ജവാന്മാര്‍ രാജ്യത്തിനായി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ ദല്‍ഹി ആസ്ഥാനത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ അഭിമാനകരമായ നിമിഷമാണിന്ന്. സിആര്‍പിഎഫിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രചോദനപരമായ നിരവധി കഥകള്‍ നമുക്ക് അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാന്‍ സിആര്‍പിഎഫ് വളരെയേറെ സഹായിച്ചിട്ടുണ്ട്. 2,184 ഓളം സിആര്‍പിഎഫ് ജവാന്മാരാണ് രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിട്ടുള്ളത്.
സിആര്‍പിഫ് നടത്തിയ ചില സുപ്രധാന പോരാട്ടങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 80കളിലും 90കളിലും രാജ്യത്ത് കലാപം ഉണ്ടായപ്പോള്‍ വളരെ ധൈര്യത്തോടെയാണ് സിആര്‍പിഎഫ് ആ സാഹചര്യം നേരിട്ട് രാജ്യത്ത് സമാധാനം പുനസ്ഥാപിച്ചതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
















