ലഖ്നൗ: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഗണ്യമായി കുറഞ്ഞതായും നടപടികള്‍ കര്‍ശനമാക്കിയതാണ് ഇതിന് കാരണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
നിയമത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ അക്രമം നടത്തിയവര്‍ ഇപ്പോള്‍ കണ്ണീരൊഴുക്കുകയാണ്. സര്‍ക്കാരിന്റെ കര്‍ശനമായ നടപടികള്‍ കാരണം എല്ലാ അക്രമികളും നിശബ്ദരായിരിക്കുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തോളൂ, പക്ഷേ നാശനഷ്ടമുണ്ടായാല്‍ അത് അവരില്‍ നിന്നു ഈടാക്കുക തന്നെ ചെയ്യും. അതു കൊണ്ട് തന്നെ എല്ലാ അക്രമികളും ഇപ്പോള്‍ കണ്ണീരൊഴുക്കുകയാണെന്നും ട്വിറ്ററിലൂടെ യോഗി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിന് നിലവില്‍ 498 പേര്‍ക്ക് യുപി സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. വൈകാതെ തന്നെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 30 വരെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരും.
















