ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിച്ചേക്കും. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിട്ടതിനെത്തുടര്‍ന്നാണ് എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാനൊരുങ്ങുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം.
രണ്ട് സംഘടനകള്‍ക്കും സമൂഹത്തില്‍ വ്യക്തമായ അടിത്തറയില്ല. അതിനാല്‍ ഇക്കൂട്ടര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും, പൊതുജനങ്ങളുടെ സമാധാനാന്തരീക്ഷം തകര്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇത്തരം സംഘടനകള്‍ നടത്തുന്നതെന്നും, അതിനാല്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നില്‍ പിഎഫ്ഐയ്‌ക്കും എസ്ഡിപിഐയ്‌ക്കും പങ്കുണ്ടെന്ന് തന്നെയാണ് പോലീസിന്റെ നിഗമനം. ഇത് സംബന്ധിച്ചുള്ള തെളിവുകള്‍ പോലീസ് സര്‍ക്കാരിന് മുന്നില്‍ ഹാജരാക്കി. മംഗളൂരുവില്‍ ജിഹാദി സംഘടനകള്‍ നടത്തിയ കലാപങ്ങള്‍ക്ക് പിന്നാലെ പോലീസ് വെടിവയ്‌പ്പുണ്ടാകുകയും രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ജിഹാദി സംഘടനയെ നിയന്ത്രിക്കണമെന്ന് ബിജെപി വ്യക്തമാക്കി. സമാനമായ അഭിപ്രായം കര്‍ണാടക മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും പങ്കുവച്ചു.
സമൂഹത്തില്‍ ഒരു അടിത്തറയുമില്ലാതെ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ നിരോധിക്കേണ്ടത് അനിവാര്യമാണെന്ന അഭിപ്രായമാണ് മന്ത്രിസഭയ്‌ക്കുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കേരളം ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ സംഘടനയായ എന്‍ഡിഎഫ് മറ്റു സംസ്ഥാനങ്ങളിലെ സമാന മനസ്‌കരുമായി ചേര്‍ന്നാണ് പിഎഫ്ഐ രൂപീകരിച്ചത്. ഇവരുടെ രാഷ്‌ട്രീയ വിഭാഗമാണ് എസ്ഡിപിഐ. മുന്‍പ് ടൂറിസം മന്ത്രി സി.ടി. രവിയും ഈ സംഘടനകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അടുത്തിടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സയ്ദിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് വ്യക്തമായിരുന്നു. പോപ്പുലര്‍ ഫ്രണ്ടുകാരന്‍ ഫര്‍ഹാന്‍ പാഷയ്‌ക്ക് ഭീകര പരിശീലനം ലഭിച്ചത് കേരളത്തില്‍ നിന്നാണെന്നും തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
















