മീററ്റ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കാനുള്ള യോഗി സര്‍ക്കാരിന്റെ നീക്കം ഫലിച്ചു. ബുലന്ദ്ഷഹര്‍ ജില്ലയിലെ ഉപീര്‍കോട്ട് പ്രദേശവാസികള്‍ നിയമ നടപടി തുടങ്ങും മുന്‍പ് തന്നെ 6.27 ലക്ഷം രൂപ ജില്ലാ മജിസ്‌ട്രേറ്റിനെ ഏല്‍പ്പിച്ചു. ഈ മാസം 20നുണ്ടായ പ്രക്ഷോഭത്തിനിടെ പ്രദേശത്ത് വന്‍തോതില്‍ അക്രമം അഴിച്ചുവിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ മജ്‌സ്‌ട്രേറ്റ് രവീന്ദ്ര കുമാറിനെയും സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ സിങ്ങിനെയും സമീപിച്ച് നാട്ടുകാര്‍ 6.27 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഏല്‍പ്പിച്ചു. ‘പശ്ചാത്താപത്തില്‍ നിന്നുള്ള നിര്‍ബന്ധിത നടപടിയെ’ന്നാണ് ഇതിനെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. പ്രാദേശിക രാഷ്‌ട്രീയ നേതാവ് ഷകില്ലുള്ളയുടെയും മുസ്ലിം മത നേതാക്കളുടെയും നേതൃത്വത്തിലാണ് പണം നല്‍കിയത്. ഇനി മേലില്‍ അക്രമങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് വ്യക്തമാക്കി കത്തും ഇവര്‍ ജില്ലാ മജിസ്‌ട്രേറ്റിനെ ഏല്‍പ്പിച്ചു.
അക്രമികളെ തിരിച്ചറിഞ്ഞ പോലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കി നിയമ നടപടികളുമായി മുന്നോട്ടു പോകാനിരിക്കെയാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുള്ള നീക്കം. പോലീസ് നടപടി തുടങ്ങിയാല്‍ ഓരോരുത്തരും വന്‍തുക പിഴയടയ്‌ക്കേണ്ടിവരും. ഇതു മുന്നില്‍ക്കണ്ട് പ്രദേശവാസികള്‍ യോഗം ചേര്‍ന്നാണ് പണം നല്‍കാന്‍ തീരുമാനിച്ചത്.
മീററ്റിലുണ്ടായ വ്യാപക അക്രമങ്ങള്‍ക്കു ശേഷം ഐജി അലോക് സിങ്ങും സിറ്റി പോലീസ് കമ്മീഷണര്‍ അനിത മേശ്രവും സമാധാനയോഗം വിളിച്ചു ചേര്‍ത്തിരുന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന കാര്യം ഇവര്‍ യോഗത്തില്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ ചേര്‍ന്ന പ്രദേശവാസികളുടെ യോഗത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. പ്രദേശത്തെ കൗണ്‍സിലറുടെ ഭര്‍ത്താവാണ് വിഷയം ഉന്നയിച്ചത്. മറ്റുള്ളവര്‍ പിന്താങ്ങി. നാട്ടുകാരില്‍ നിന്ന് പിരിവെടുത്ത് പണം നല്‍കുകയായിരുന്നു.
















