കൊച്ചി: ന്യൂനപക്ഷത്തിന്റെ ഇല്ലാത്ത അപകടാവസ്ഥയെക്കുറിച്ച് തെരുവില്‍ നുണ പ്രചരിപ്പിക്കുന്ന മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി മുമ്പു പറഞ്ഞത് മറക്കുന്നു. കാല്‍ നൂറ്റാണ്ടു മുമ്പാണ് ഭൂരിപക്ഷത്തെ സംരക്ഷിക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണെന്ന് പ്രഖ്യാപിച്ചത്. ഭൂരിപക്ഷത്തിനു വേണ്ടി അന്ന് വാദിച്ചപ്പോഴത്തേതിനേക്കാള്‍ എല്ലാംകൊണ്ടും ശക്തമാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ന്യൂനപക്ഷം. പക്ഷേ, ആന്റണി കുതിരകയറുന്നത് എന്നിട്ടും ഭൂരിപക്ഷത്തിന്റെ പേരില്‍.
ഭൂരിപക്ഷത്തിന്റെ യഥാര്‍ഥ സ്ഥിതിയും ന്യൂനപക്ഷത്തിന്റെ അനര്‍ഹമായ മേല്‍ക്കൈയും വ്യക്തമായി വിലയിരുത്തി നടത്തിയ അഭിപ്രായ പ്രകടനങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനവും നഷ്ടപ്പെട്ടു ആന്റണിക്ക്. ഇപ്പോള്‍ കേന്ദ്രതലത്തിലും കോണ്‍ഗ്രസിന്റെ സര്‍വനാശം സംഭവിക്കുമ്പോള്‍ ആന്റണിക്ക് അവിടെയും പങ്കൊന്നുമില്ലാതായി. രാഹുല്‍ അധ്യക്ഷനായപ്പോള്‍ അകറ്റി നിര്‍ത്തിയ ആന്റണിക്ക് സോണിയ പിന്നെയും അധ്യക്ഷ സ്ഥാനത്തെത്തിയിട്ടും പരിഗണനയില്ല. കെ.സി. വേണുഗോപാലിനെപ്പോലുള്ളവര്‍ക്കാണ് കേന്ദ്ര നേതൃത്വവും പ്രാധാന്യം നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് തിരികെ പിടിച്ചു കയറാന്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന ഹിന്ദു ഭൂരിപക്ഷ വിരുദ്ധ നിലപാടെടുപ്പിക്കുന്നത്.
എന്നാല്‍, ആന്റണിയുടെ വിശ്വാസ്യതയാകെ ചോദ്യം ചെയ്യപ്പെടുന്നതാണ് ഇപ്പോഴത്തെ നിലപാടുകള്‍. കാല്‍നൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍, 26 വര്‍ഷം മുമ്പ് 1993 ലാണ് അക്കാദമി പ്രസംഗം. അതില്‍ ആന്റണി പറഞ്ഞതിങ്ങനെയാണ്: ”ഇന്ത്യയിലെ ന്യൂനപക്ഷം, പ്രത്യേകിച്ച് ക്രിസ്ത്യാനികളും മുസ്ലീങ്ങളും, ഈ ഹിന്ദു പ്രദേശത്തേക്ക് അവരെ സ്വീകരിക്കാനും അവരുമായി സഹകരിക്കാനും ഹിന്ദുക്കള്‍ കാണിച്ച മഹാമനസ്‌കതയ്‌ക്ക് അവരോട് കടപ്പെട്ടിരിക്കുന്നു. അതിന് പ്രത്യുപകാരമായി, ഭൂരിപക്ഷ സമുദായത്തിന്റെ സുരക്ഷയും സന്തോഷവും ഉറപ്പാക്കേണ്ടത് നമ്മുടെ കടമയും ഉത്തരവദിത്വവുമാണ്.” അതേ ആന്റണിയാണ് ഇന്ന് ഇല്ലാത്ത വിഷയത്തില്‍ ഉത്കണ്ഠകളും നിരാശയും ന്യൂനപക്ഷങ്ങളില്‍ വളര്‍ത്തി അവരെ ഭൂരിപക്ഷത്തിന് എതിരാക്കുന്നത്.
ആന്റണിയുടെ ഓരോരോ കാലത്തെ ചുവടുമാറ്റം സ്വന്തം വിശ്വാസ്യത ഇല്ലാതാക്കുകയാണ്. സാമ്പത്തിക സംവരണവാദത്തെ അതി രൂക്ഷമായി എതിര്‍ത്തയാളാണ് ആന്റണി. 1972 ഫെബ്രുവരിയില്‍ ആന്റണി മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടുതന്നെ, ‘സാമ്പത്തിക സംവരണവാദം യുവജന ശക്തി ഭിന്നിപ്പിക്കാനൊരു പിന്തിരിപ്പന്‍ തന്ത്രം’ എന്നായിരുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ മുസ്ലീങ്ങള്‍ക്ക് മാത്രം ഏകപക്ഷീയമായി നല്‍കുന്നുവെന്ന് കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് ഔദ്യോഗികമായി പരാതിപ്പെട്ടുവെങ്കിലും ഇതുവരെ ക്രിസ്ത്യന്‍ സഭകളുടെ ഉത്കണ്ഠയെക്കുറിച്ച് ആന്റണി പ്രതികരിച്ചിട്ടില്ല. പിണറായി വിജയന്റെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ, ഈ വിഷയം ചൂണ്ടിക്കാട്ടി ബിഷപ്‌സ് കോണ്‍ഫറന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി. പക്ഷേ, ഈ വിഷയത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ഒരു വിമര്‍ശനവും ആന്റണിയോ കോണ്‍ഗ്രസോ നടത്തിയിട്ടുമില്ല.
















