ഡിസ്പൂര്‍: അസമിലെ ജനങ്ങള്‍ക്ക് സമാധാനവും പുരോഗതിയും വേണമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍. അസമില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ പടുകൂറ്റന്‍ റാലിയില്‍ നിന്ന് വ്യക്തമാകുന്നതെന്നും അതിന് അസമിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രം. ഈ ചിത്രങ്ങള്‍ സ്വയം സംസാരിക്കും. ട്വിറ്ററില്‍ മഹാറാലിയുടെ ഫോട്ടോ പങ്കുവെച്ച ഹിമന്ത് ബിശ്വ ശര്‍മ്മയുടെ വാക്കുകള്‍ ഇതായിരുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരായി പ്രതിപക്ഷം രാജ്യമെങ്ങും കലാപം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ ബിജെപി പതിനായിരങ്ങളെ അണിനിരത്തി സമാധാനപരമായ റാലികള്‍ രാജ്യമൊട്ടുക്കും സംഘടിപ്പിക്കാന്‍ സാധിക്കുന്നത് വിഷയത്തില്‍ ബിജെപിയ്‌ക്കു ലഭിക്കുന്ന പിന്തുണയുടെ ഭാഗമാണെന്ന് നേതാക്കള്‍ കൂട്ടിചേര്‍ത്തു.
അസമിലെ മോറിഗാവ് ജില്ലയിലെ ജാഗിറോഡ് ആയിരുന്നു പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി റാലി സംഘടിപ്പിച്ചത്. നാലുകിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ റാലിയില്‍ ജനങ്ങള്‍ അണിനിരന്നെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നു. ജാഗിറോഡ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച മഹാറാലി കഹിക്കുച്ചി എല്‍പി സ്‌കൂളില്‍ സമാപിച്ചു.
















