പന്തളം: സ്മൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വർഗ്ഗീയ ഭാസ്കർ റാവുജിയുടെ പതിനേഴാമത് ശ്രദ്ധാഞ്ജലിയും ഭാസ്കർ റാവുജി പുരസ്കാര സമർപ്പണവും നടന്നു. ധനുമാസത്തിലെ മൂലം നക്ഷത്രത്തിലാണ് ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചത്. ലോകാസമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ജീവിതവ്രതമാക്കിയ ഭാസ്കര റാവുന്റെ ശ്രദ്ധാഞ്ജലിയിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി വ്യക്തികൾ പങ്കെടുത്തു.
പന്തളം തോന്നല്ലൂർ പാട്ടുപുരക്കാവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് കോളേജിനെ പ്രൊഫസറും മുൻ ചെങ്ങന്നൂർ ജില്ല സംഘചാലകുമായ പ്രൊഫ.ബി.ഗോപാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് അടിയന്തരാവസ്ഥയിലെ പോലീസ് മർദ്ദനത്തെ ആസ്പദമാക്കി നിർമ്മിച്ച Twenty one months of hell (21 മാസത്തെ നരകജീവിതം) എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത യദുവിജയകൃഷ്ണൻ ഈ വർഷത്തെ ഭാസ്കർ റാവുജി പുരക്സാരം സെയിൽ ടാക്സ് ട്രിബ്യ്യൂണൽ മുൻ മെമ്പർ പി.റ്റി മോഹൻ ബാബുവിൽ നിന്നും ഏറ്റുവാങ്ങി.
നിരവധി പുസ്തകങ്ങളുടെ രചയിതാവും 2019ലെ ദേശീയ ജൂറി അംഗവും യദുകൃഷ്ണന്റെ അച്ഛനുമായ വിജയകൃഷ്ണനും കുടുംബവും ചടങ്ങിൽ സംബന്ധിച്ചു. സ്മൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരി വി.എൻ ഗോപിനാഥാണ് യദുകൃഷ്ണനെയും കുടുംബത്തെയും സദസിന് പരിചയപ്പെടുത്തിയത്. തുടന്ന് വിജയകൃഷ്ണനും യദുവും നന്ദി പ്രഭാഷണം നടത്തി. ചടങ്ങിൽ റിട്ട.പ്രൊഫസറും മുൻ ആലപ്പുഴ ബൗദ്ധിക് പ്രമുഖുമായ കെ.ശിവശങ്കരൻ ആനുകാലിക സംഭവ വികാസങ്ങളും ഭാസ്കര റാവുജിയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. തുടർന്ന് ശ്രദ്ധാഞ്ജലിയും ഡോക്യുമെന്ററി പ്രദർശനവും നടന്നു.
















