ചെറുപുഴ: അന്യസംസ്ഥാനങ്ങളിലെ പ്രഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാരും ലഹരി സംഘങ്ങളും ഒരേസമയം വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്നു. കമ്മീഷന്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ ചതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മയക്ക് മരുന്ന് നല്‍കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ലഹരിസംഘം. ഇതുമൂലം പല വിദ്യാര്‍ത്ഥികളും ആത്മഹത്യാ ഭീഷണിയിലാണ്.
കഴിഞ്ഞമാസം മംഗലാപുരത്ത് എന്‍ഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ ആലക്കോട് സ്വദേശി അഭിജിത്, കോഴിക്കോട് പെരുവയല്‍ സ്വദേശി പ്രണവ് എന്നിവര്‍ക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നു. പ്രമുഖ എഞ്ചിനീയറിംഗ് കോളജില്‍ പഠിക്കുന്ന ഇവര്‍ക്ക് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നിര്‍ബന്ധിച്ച് ലഹരി നല്‍കിയ സംഘം പിന്നീട് ഇവരെ കേസില്‍ കുടുക്കുകയും ഇവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഗൂഢലക്ഷ്യത്തോടെ വാര്‍ത്ത പ്രചരിപ്പിക്കുകയുമാണ്. മംഗലാപുരം മലബാര്‍ മേഖല കേന്ദ്രീകരിച്ചുള്ള വന്‍ റാക്കറ്റാണ് ഇതിനു പിന്നിലുള്ളത്. സാധാരണക്കാരായ പല വിദ്യാര്‍ത്ഥികളും പഠനം തുടരാനാകാത്ത അവസ്ഥയിലാണ്.
വിദ്യാര്‍ത്ഥികളെയും സ്ഥാപനത്തെയും തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചിലരും ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്.
















