ന്യൂദല്‍ഹി : ഞങ്ങള്‍ നുഴഞ്ഞുകയറ്റക്കാരല്ല, പാസ്‌പോര്‍ട്ടും വിസയും ഉള്‍പ്പടെ നിയമപരമായാണ് ഇന്ത്യയില്‍ എത്തിയത്. പാക്കിസ്ഥാനിലെ പീഡനങ്ങളില്‍ ഗത്യന്തരമില്ലാതെയാണ് വന്നിട്ടുള്ളത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കരുത്. പൗരത്വം അനുവദിക്കണമെന്ന് പാക്കിസഥാനില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ത്ഥികള്‍.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും കേന്ദ്രസര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാനില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ത്ഥികള്‍ നടത്തിയ റാലിയിലാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനില്‍ നിന്നും കടുത്ത മതപീഡനങ്ങളെ തുടര്‍ന്നാണ് ഇന്ത്യയിലേക്ക് കുടിയേറാന്‍ തങ്ങളെ പ്രേരിപ്പിച്ചത്. ഞങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനെ എതിര്‍ക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെങ്ങും പ്രക്ഷോഭങ്ങള്‍ നടന്നതിനിടയിലാണ് നിയമത്തെ അനുകൂലിച്ച് പാകിസ്ഥാനില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ റാലി നടത്തിയത്.
പാക്കിസ്ഥാനില്‍ നിന്നുള്ള പീഡനങ്ങളെ തുടര്‍ന്നാണ് ഇന്ത്യയില്‍ അഭയം പ്രാപിച്ചത്. അവിടെ തങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. രാജ്യം വിടാന്‍ നിര്‍ബന്ധിതരായി. ചിലര്‍ പറയുന്നു ഞങ്ങള്‍ക്ക് പൗരത്വം നല്‍കരുതെന്ന്. ഞങ്ങള്‍ പിന്നെ എങ്ങോട്ടുപോകുമെന്ന് സമരക്കാരിലൊരാളായ ധരംവീര്‍ ചോദിക്കുന്നു.
പാസ്പോര്‍ട്ടും വിസയുമായി നിയമപരമായാണ് ഞങ്ങള്‍ ഇന്ത്യയിലെത്തിയത്. അല്ലാതെ നുഴഞ്ഞുകയറ്റക്കാരല്ല. പോകാന്‍ വേറെസ്ഥലം ഇല്ലാത്തതിനാലാണ് ഇന്ത്യയിലേക്ക് എത്തിയത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഞങ്ങളുടെ സാമിപ്യം അലോസരപ്പെടുത്തുന്നു. ഇവിടേയ്‌ക്ക് വന്നുപോയി. പൗത്വം നിയമ ഭേദഗതിയെ ദയവായി എതിര്‍ക്കരുത്. ഞങ്ങള്‍ക്കും ഇന്ത്യയില്‍ പൗരത്വം നല്‍കണമെന്നും പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
















