മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങളില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ബോളീവുഡ് താരം അക്ഷയ് കുമാര്‍. പൗരത്വ നിയമത്തിനെതിരെ ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങളോട് തനിക്ക് യോജിപ്പില്ല. ഇടത്പക്ഷമെന്നോ, വലതുപക്ഷമെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ അക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും താരം അറിയിച്ചു.
നേരത്തേ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തോട് തനിക്ക് യോജിപ്പില്ലെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് പൗരത്വ നിയമത്തിനെതിരെ അരങ്ങേറിയ അക്രമ സംഭവങ്ങളിലും പ്രതികരിച്ചിരിക്കുന്നത്.
ഇടതായാലും വലതായാലും ജനങ്ങള്‍ അക്രമങ്ങളിലേക്ക് കടക്കരുത്. ആരുടെയും വസ്തുവകകള്‍ നശിപ്പിക്കരുത്. അക്രമത്തില്‍നിന്ന് അകന്നുനില്‍ക്കുക. പോസിറ്റീവ് ആയി പരസ്പരം ആശയവിനിമയം നടത്തുക. ആരും ആരുടെയും വസ്തുവകകള്‍ നശിപ്പിക്കാന്‍ പാടില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
















