ലഖ്‌നൗ : ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതോടെ അയോധ്യ നഗരത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ ജനങ്ങളെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രദേശവാസികളുടെ സഹകരണത്തോടെയാണ് 144 ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യദ്രോഹ ശക്തികള്‍ക്കെതിരെ ജാഗ്രതയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ ത്സാ അറിയിച്ചു. ഫെബ്രുവരി 25 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിരോധനാജ്ഞ അയോധ്യയിലെ പൊതുജീവിതത്തെ ബാധിച്ചിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ വരുന്ന അയോധ്യയിലും പ്രദേശത്തുമുള്ള ലക്ഷക്കണക്കിന് മുസ്ലിം കുടുംബങ്ങള്‍ക്ക് ദുരിതമാകുന്ന തരത്തിലാണ് പുറമേനിന്നുള്ള അക്രമികള്‍ പൗരത്വബില്ലിന്റെ പേരില്‍ അഴിഞ്ഞാടിയത്. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സ്വത്ത് കണ്ടുകെട്ടലുള്‍പ്പടെ കര്‍ശന നടപടി തുടങ്ങിയതോടെയാണ് അക്രമം ഒതുങ്ങിയത്.
അയോധ്യാ ക്ഷേത്രത്തിന് അനുകൂല വിധി വന്ന ശേഷം നിര്‍മ്മാണ പ്രവര്‍ത്തനം കാണാനും രാംലാല ദര്‍ശനത്തിനുമായി നിരവധിയാളുകളാണ് ഇങ്ങോട്ടേയ്‌ക്ക് എത്തിയിരുന്നത്. എന്നാല്‍ പൗരത്വ ബില്ലിന്റെ മറവില്‍ അക്രമ സംഭവങ്ങള്‍ അഴിച്ചുവിട്ടാന്‍ തുടങ്ങിയതോടെ സന്ദര്‍ശകരുടെ എണ്ണം കുറയുകയായിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും സുരക്ഷാകാര്യത്തില്‍ പ്രദേശവാസികളുടെ സഹകരണം നന്നായി ലഭിക്കുന്നതായും മജിസ്ട്രേറ്റ് വ്യക്തമാക്കി.
















