കൊച്ചി: സംസ്ഥാനത്ത് പെട്രോകെമിക്കല്‍, ജൈവശാസ്ത്രം, ഇലക്ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, പ്രതിരോധം എന്നീ വ്യവസായങ്ങള്‍ക്കാകും ഭാവിയില്‍ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുകയെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന വ്യവസായ പാര്‍ക്കുകള്‍ക്കു പുറമേ വ്യവസായാവശ്യങ്ങള്‍ക്കായി 2000 ഏക്കര്‍ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ക്കായുള്ള സബ്‌സിഡി, ഗ്രാന്റ് എന്നിവയ്‌ക്കുള്ള പദ്ധതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.
ജനുവരി ഒമ്പത്, 10 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ്-2020നെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി. അസെന്‍ഡ്-2020ന്റെ ഏക ജാലക സംവിധാനമാകും സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ് കേരള പോര്‍ട്ടല്‍ invest.kerala.gov.in.
രാജ്യത്തിനകത്തും പുറത്തും നിന്ന് വ്യവസായങ്ങള്‍ ആകര്‍ഷിക്കാന്‍ സാധിക്കുന്ന മികച്ച കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനുള്ള സുപ്രധാന നാഴികക്കല്ലായി അസെന്‍ഡ്-2020നെ മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അമ്പലമുകളില്‍ ഫാക്ട് പരിസരത്ത് പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ക്കു മാത്രമായി പെട്രോകെമിക്കല്‍ പാര്‍ക്ക്, ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ ഉത്പാദനവും സംയോജനവും ആമ്പല്ലൂരിലെ നൂറേക്കറില്‍ ഇലക്ട്രോണിക് പാര്‍ക്ക്, പ്രതിരോധ മേഖലയ്‌ക്കാവശ്യമായ യന്ത്രഭാഗങ്ങള്‍ നിര്‍മിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന പാലക്കാട് കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്ക്, തിരുവനന്തപുരത്ത് 75 ഏക്കറില്‍ ബയോ 360 ജൈവശാസ്ത്ര പാര്‍ക്ക്, പാ
ലക്കാട്ടും ആലപ്പുഴയിലും മെഗാ ഫുഡ് പാര്‍ക്കുകള്‍ തുടങ്ങിയവയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കി നടപ്പാക്കുന്ന പദ്ധതികള്‍. കേരളത്തില്‍ ദേശീയ-അന്തര്‍ദേശീയ നിക്ഷേപത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാനും സുപ്രധാന മേഖലകളിലെ സാധ്യതകള്‍ പങ്കാളികളെ ബോധ്യപ്പെടുത്താനുമാണ് അസെന്‍ഡ്- 2020ന്റെ ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു.
















