ഷിംല: ആരുടെയെങ്കിലും പൗരത്വം എടുത്തുകളയുന്ന ഏതെങ്കിലുമൊരു വ്യവസ്ഥ പൗരത്വ ഭേദഗതി നിയമത്തില്‍ ഉണ്ടെങ്കില്‍ കാണിച്ചുതരാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ. ആരുടേയും പൗരത്വം എടുത്തുകളയാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയില്ല. ഇത്തരം വ്യവസ്ഥ കാണിക്കാന്‍ രാഹുല്‍ തയാറാണോ, ഷാ ചോദിച്ചു.
ന്യൂനപക്ഷങ്ങളുടെ പൗരത്വം കവരുന്നതാണ് ഈ നിയമം എന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ ജനങ്ങളെ വിഭജിപ്പിക്കാനാണ് രാഹുല്‍ ശ്രമം. അയല്‍രാജ്യങ്ങളിലെ മതപീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന്റെ സംരക്ഷണം നല്‍കുകയെന്നതു മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യം. രാജ്യത്തെ മുസ്ലിം സഹോദരങ്ങള്‍ പൗരത്വ നിയമ ഭേദഗതി വായിക്കാന്‍ തയാറാവണം. ഭേദഗതി നിയമം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആര്‍ക്കും പൗരത്വം നഷ്ടമാവില്ലെന്ന് പൗരത്വ ഭേദഗതി നിയമം വായിച്ചാല്‍ ബോധ്യപ്പെടും, ഷാ പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സംസ്ഥാനത്ത് 13,500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഷാ നിര്‍വഹിച്ചു.
ധര്‍മ്മശാലയില്‍ നവംബറില്‍ നടന്ന ഹിമാചല്‍ റൈസിങ് ആഗോള നിക്ഷേപക സംഗമത്തില്‍ 93,000 കോടി രൂപയുടെ പദ്ധതികളുടെ കരാര്‍ ഒപ്പുവച്ചിരുന്നു.
















