ന്യൂദല്‍ഹി: ഹിന്ദുവായ ഡാനിഷ് കനേരിയയ്‌ക്ക് പാക് ക്രിക്കറ്റ് ടീമില്‍ മുസ്ലീങ്ങളായ സഹതാരങ്ങളില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന വിവേചനത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ എംപി. ഇത് പാക്കിസ്ഥാന്റെ ശരിയായ മുഖമാണ് കാണിക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച താരത്തോട് ഇത്തരത്തില്‍ ചെയ്യുന്നത് നാണക്കേടാണെന്നും ഗംഭീര്‍ പറഞ്ഞു.
മുസ്ലിം സമുദായാംഗമായിരുന്നിട്ടും മുഹമ്മദ് അസറുദ്ദീന്‍ ദീര്‍ഘനാള്‍ ഇന്ത്യന്‍ നായകനായിരുന്നു. കനേരിയ സംഭവം കാണിക്കുന്നത് പാക്കിസ്ഥാനിലെ യാഥാര്‍ഥ്യങ്ങളാണ്. ഒരു കായികതാരം പ്രധാനമന്ത്രിയായിട്ടും രാജ്യം ഇപ്പോഴും പഴയ അവസ്ഥയില്‍ തന്നെയാണ്, ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ക്രിക്കറ്റില്‍ നിന്ന് അകന്ന് വരുമാനമൊന്നുമില്ലാതെ കഷ്ടപ്പെടുന്ന കനേരിയ, സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എഴുതിയ കത്ത് പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്. 2009ല്‍ ഇംഗ്ലീഷ് കൗണ്ടിയില്‍ എസെക്‌സിനായി കളിക്കുമ്പോള്‍ ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയതോടെയാണ് കനേരിയയുടെ കഷ്ടകാലം ആരംഭിച്ചത്.
നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം ഒരോവറില്‍ 12 റണ്‍സ് വഴങ്ങിയെന്നായിരുന്നു ആരോപണം. ഇംഗ്ലണ്ടില്‍ നാലു മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന കനേരിയയെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അഞ്ചു വര്‍ഷം വിലക്കി. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും 2018ല്‍ സമ്മതിച്ചു.
ഒത്തുകളി വിവാദത്തിലുള്‍പ്പെട്ട പല താരങ്ങളെയും രക്ഷിക്കാന്‍ പാക് സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും രംഗത്തെത്തിയിരുന്നു. മുഹമ്മദ് ആമിര്‍ ഉള്‍പ്പെടെയുള്ളവര്‍ കളത്തില്‍ വീണ്ടും തിരിച്ചെത്തി. തന്റെ കാര്യത്തില്‍ നടപടിയുണ്ടാകാതായതോടെയാണ് കനേരിയ ഇമ്രാനെ സമീപിച്ചത്.
















