ജയ്‌പൂര്‍: അവസാനത്തെ പറക്കലും പറന്ന് രാജ്യത്തെ വ്യോമസേനയുടെ അഭിമാനമായ മിഗ് 27. നാല്‍പ്പത് വര്‍ഷത്തോളം സേനയുടെ ഭാഗമായിരുന്ന, പൈലറ്റുമാരുടെ പ്രിയ ‘ബഹാദൂറിന്’ ഇനി വിശ്രമം. രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമസേനാത്താവളത്തില്‍ നിന്ന് ഇന്നലെയാണ് മിഗ് 27 അവസാനമായി ആകാശത്തേക്ക് കുതിച്ചത്. അതിഗംഭീരമായ വിടവാങ്ങല്‍ ചടങ്ങായിരുന്നു സേന മിഗ് 27നായി കാത്തുവച്ചത്.
കാര്‍ഗില്‍ യുദ്ധത്തിലെ സുപ്രധാന പോരാളിയായിരുന്നു മിഗ് 27. അന്ന് പാക് സൈനികരെയും മതഭീകരരെയും തുരത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച മിഗിന് അതിനു ശേഷം നല്‍കിയ വിശേഷണമായിരുന്നു ‘ബഹാദൂര്‍’ എന്നത്. ശത്രുപാളയത്തിലേക്ക് ബോംബുകളും മിസൈലുകളും ഉന്നംതെറ്റാതെയെത്തിക്കുന്നതിനുള്ള കഴിവാണ് മിഗ് 27നെ സേനയ്‌ക്ക് പ്രിയങ്കരമാക്കിയത്.
മിഗ് 27 ഉപയോഗിക്കുന്ന ഏക രാജ്യമായിരുന്നു ഇന്ത്യ. രാജസ്ഥാനില്‍ ജോധ്പൂരിലാണ് അവസാന സ്‌ക്വാഡ്രണ്‍ മിഗ് 27 ഉണ്ടായിരുന്നത്. ഇന്നലത്തെ പറക്കലോടുകൂടി അവയും സേനയില്‍ നിന്ന് പിന്‍വാങ്ങി. 2006ല്‍ ഈ യുദ്ധവിമാനങ്ങള്‍ നവീകരിച്ച് എഞ്ചിന്റെ കരുത്ത് വര്‍ധിപ്പിച്ചിരുന്നു. പഴക്കം മൂലമുണ്ടായ തകരാറുകളാണ് മിഗ് 27ന്റെ വിശ്രമ ജീവിതത്തിന് വഴിതെളിച്ചത്.
മിഗ് യുദ്ധ വിമാനങ്ങളുടെ ശ്രേണിയില്‍ 23ഉം 29ഉമാണ് നിലവില്‍ സേനയുടെ ഭാഗമായുള്ളത്. ഇവയും അധികം വൈകാതെ തന്നെ വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മിഗ് 27 വിടവാങ്ങിയത്.
മിഖായോന്‍-ഗുരേവിച്ച് എന്ന മിഗ് 27നെ 1975ലാണ് സോവിയറ്റ് യൂണിയന്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. 1984ല്‍ മിഗ് രാജ്യത്തെ വ്യോമസേനയുടെ ഭാഗമായി. പിന്നീട് 165 മിഗ് 27 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തു.
















