ഇസ്ലാമബാദ്: ഹിന്ദുമത വിശ്വാസിയായതിനാല്‍ പാക്ക് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളില്‍ നിന്ന് ഡിനിഷ് കനേരിയയ്‌ക്ക് വിവേചനം നേരിടേണ്ടി വന്നെന്ന ഷൊയ്ബ് അക്തറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തന്റെ ജീവിതം നല്ല രീതിയിലല്ല ഇപ്പോള്‍ പോകുന്നതെന്ന തുറന്നു പറച്ചിലുമായി കനേരിയ തന്നെ രംഗത്ത്. വിഷയത്തില്‍ ഇടപെടമെന്നും സഹായിക്കണമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേട് കനേരിയ അഭ്യര്‍ഥിച്ചു.
പല തവണയായി പാക്കിസ്ഥാനിലും ലോകത്തിലുമുള്ള പലരെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സമീപിച്ചിരുന്നു. ആരില്‍നിന്നും സഹായം ലഭിച്ചിട്ടില്ല. മറ്റു പാക്കിസ്ഥാന്‍ താരങ്ങളുടെയെല്ലാം പ്രശ്‌നങ്ങള്‍ ഇതുപോലെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ജീവിതം ശരിയായ രീതിയിലല്ല പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്രിക്കറ്റ് താരം എന്ന നിലയില്‍ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. മാധ്യമങ്ങളോടും പാക്കിസ്ഥാനിലെ ജനങ്ങളോടും നന്ദിയുണ്ട്. സമൂഹത്തിലെ ചിലര്‍ എതിര്‍ക്കുന്നുണ്ട്. പക്ഷേ എന്നെ ഇഷ്ടപ്പെടുന്നവരുടെ മുന്നില്‍ അതു നിലനില്‍ക്കില്ല. എതിര്‍പ്പുകളെല്ലാം തള്ളി ജീവിതത്തില്‍ പോസിറ്റീവായിരിക്കുമെന്നും കനേരിയ പ്രതികരിച്ചു.
എനിക്കു ചെയ്യാന്‍ സാധിക്കുന്നതെല്ലാം ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ പാക്കിസ്ഥാനുവേണ്ടി ചെയ്തിട്ടുണ്ട്. അതില്‍ എനിക്ക് അഭിമാനമുണ്ട്. പാക്കിസ്ഥാനിലുള്ളവര്‍ സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പാക്കിസ്ഥാനിലെ ക്രിക്കറ്റ് പ്രതിഭകളുടെ പിന്തുണ ആവശ്യമാണ് ഡാനിഷ് കനേരിയ വ്യക്തമാക്കി.
പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരും ഈ പ്രശ്‌നത്തില്‍നിന്നു പുറത്തുവരാന്‍ എന്നെ സഹായിക്കണം. എനിക്കൊപ്പം നില്‍ക്കാന്‍ ദയവു ചെയ്തു മുന്നോട്ടുവരണം. പാക്ക് താരം ഷൊയ്ബ് അക്തറുടെ ടെലിവിഷന്‍ അഭിമുഖം ഇന്നാണു കണ്ടത്. സത്യം ലോകത്തോടു പറഞ്ഞതില്‍ അദ്ദേഹത്തിനു നന്ദി അറിയിക്കുന്നു.
ഹിന്ദു മതവിശ്വാസി ആയതിനാല്‍ ഡാനിഷ് കനേരിയയ്‌ക്ക് പാക്കിസ്ഥാന്‍ ടീമിലെ ചിലരില്‍നിന്നു വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന വിവരം അക്തറാണു പുറത്തുവിട്ടത്. കനേരിയയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനു പലതാരങ്ങളും തയാറായിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു. തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചവരുടെ പേരുവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഡാനിഷ് കനേരിയ പ്രതികരിച്ചിട്ടുണ്ട്.
ഇംഗ്ലിഷ് ക്ലബ് എസെക്‌സിനു വേണ്ടി കളിക്കുന്ന കാലത്ത് ഒത്തുകളി വിവാദത്തില്‍ ആരോപണ വിധേയനായ പാക്കിസ്ഥാന്‍ താരമാണ് ഡാനിഷ് കനേരിയ. 39 വയസ്സുകാരനായ ഡാനിഷ് കനേരിയ പാക്കിസ്ഥാനുവേണ്ടി 61 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്.
















