ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം തുടര്‍ന്ന പാക്കിസ്ഥാന്‍ സൈന്യത്തിനു മേല്‍ ഇന്ത്യന്‍ സേനയുടെ കടന്നാക്രമണം. ഇന്നലെ രാത്രി മുതലാണ് പൂഞ്ച്-രജൗറി സെക്റ്ററില്‍ പാക് സൈന്യം തുടര്‍ച്ചായായി ഇന്ത്യന്‍ ക്യാംപുകള്‍ക്കു നേരേ വെടിയുതിര്‍ത്തത്. അല്‍പനേരത്തിനു ശേഷം ഇന്ത്യന്‍ സൈന്യം പാക് സൈനിക പോസ്റ്റുകള്‍ക്കു നേരേ കടന്നാക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നാലു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സേന വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയുടെ ആക്രമണത്തെ ഭയന്ന് പാക് സൈനികര്‍ പിന്മാറിയതോടെ പാക്കിസ്ഥാന്റെ നിരവധി സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു.
ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ 15 വരെ പാക്കിസ്ഥാന്‍, നിയന്ത്രണ രേഖയില്‍ 2500 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 350ലധികം ലംഘനങ്ങളും ഒക്ടോബര്‍ മാസത്തിലാണ് നടന്നത്. നവംബര്‍ മാസത്തിലെ ആദ്യ 11 ദിവസങ്ങളില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും 97 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിരാനഗര്‍, അഖ്‌നൂര്‍, സുന്ദര്‍ബാനി, നൗഷെറ, രജൗരി, മെന്‍ദ്ധാര്‍, പൂഞ്ച്, ഉഡി, കുപ്‌വാര ജില്ലകളില്‍ കഴിഞ്ഞ മൂന്ന് മാസമായി എല്ലാ ദിവസവും വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
കുറച്ചു ദിവസം മുന്‍പും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനു ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നും പാക് പട്ടാളത്തെ തുരത്തിയെന്നും നീലം സെക്റ്ററിലെ പാക് സൈനിക പോസ്റ്റ് പിടിച്ചെടുത്തെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യം പാക് മണ്ണില്‍ കടന്ന് ആക്രമണം നടത്തുമെന്ന് നേരത്തേ പാക് ആഭ്യന്തരമന്ത്രി യുഎന്നിനോട് പരാതി പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
















