ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രശംസ. മോദിയുടെ നയതന്ത്രജ്ഞതയുടെ ഫലമായി ഇരുരാജ്യങ്ങളുമായുള്ള സൈനികസഹകരണം വളരെയേറെ മെച്ചപ്പെട്ടെന്നും ചൈനീസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. തന്ത്രപ്രധാനമായ ചര്‍ച്ചകളിലൂടെയും പ്രായോഗികമായ സഹകരണത്തിലൂടേയും പ്രശ്‌നങ്ങളെ ഒതുക്കിത്തീര്‍ക്കാന്‍ നരേന്ദ്ര മോദിക്കും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിനും സാധിച്ചെന്നും ചൈനീസ് സൈന്യം. ഇതിനു ഇരുവര്‍ക്കും നന്ദി അറിയിക്കുന്നെന്നും ചൈനയുടെ പ്രതിരോധ വക്താവ് കേണല്‍ വൂ ക്വാന്‍ വ്യക്തമാക്കി. ചൈനയുടെ നിലപാടില്‍ പാക്കിസ്ഥാന്‍ അന്ധാളിപ്പിലാണ്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള ഇന്ത്യയുയെ ബന്ധം വഷളാകുന്നത് കാത്തിരിക്കുകയായിരുന്നു പാക്കിസ്ഥാന്‍. ഇതിനിടെയാണു നിയന്ത്രണരേഖയ്‌ക്കടുത്ത് ഇന്ത്യന്‍ സുരക്ഷാ സേനയും ചൈനീസ് പട്ടാളവും തമ്മിലുള്ള സഹകരണവും മൈത്രീഭാവവും വര്‍ദ്ധിപ്പിക്കാനായി വിവിധ സൈനിക പ്രദര്‍ശനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കുമെന്നും ചൈനയുടെ പ്രതിരോധ വക്താവ് കേണല്‍ വൂ ക്വാന്‍ അറിയിച്ചത്. ചൈനയുടെ പിന്തുണയാല്‍ നിലനില്‍ക്കുന്ന പാകിസ്ഥാന് ഭീകരതയ്‌ക്കെതിരേ ചൈന ഇന്ത്യയുമായി സഹകരിക്കുന്നത് വന്‍ സമ്മര്‍ദ്ദമാണുണ്ടാക്കുമെന്നു വ്യക്തമാണ്.
ഡിസംബര്‍ 21ന് മേഘാലയയിലെ ഷില്ലോങ്ങില്‍ വച്ച് ഭീകരവാദത്തിനെതിരേ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടുന്നതിനായി സംയുക്ത സൈനിക അഭ്യാസം ഇന്ത്യയും ചൈനയും നടത്തിയിരുന്നു. ഭീകരതയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ വിദഗ്ധരായ ഇരു സൈന്യങ്ങളിലേയും ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ അഭ്യാസപരിപാടികളും ദുരന്ത നിവാരണത്തിനും അടിയന്തിര സഹായമെത്തിക്കാനുമുള്ള പരിശീലനവുമാണ് ഈ സംയുക്ത സൈനിക അഭ്യാസത്തില്‍ നടന്നത്.
മേഖലയിലെ സമാധാനം സംരക്ഷിക്കാനായി ഭീകരതയെ അടിച്ചമര്‍ത്തേണ്ടുന്നതിന് ഇരുരാജ്യങ്ങളും ശ്രമിക്കുമെന്നും ഇരു സൈന്യങ്ങളും തമ്മിലുള്ള വിശ്വാസവും ബന്ധവും ഈ സൈനികാഭ്യാസം കഴിഞ്ഞതോടെ വളരെയേറെ വര്‍ദ്ധിച്ചെന്നും കേണല്‍ വൂ ക്വാന്‍ പറഞ്ഞു. സംയുക്ത സൈനികാഭ്യാസം വന്‍ വിജയമായതോടെ അടുത്തകൊല്ലം ഇതിലും മെച്ചപ്പെട്ട രീതിയില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും ഭീകരതയെ ചെറുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിയ്‌ക്കുമെന്നും ചൈനീസ് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
















